കേരള കോൺഗ്രസിലുള്ള പ്രശ്നങ്ങൾ കേരള കോൺഗ്രസ് തീർക്കും; കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടില്ല

single-img
14 March 2019

കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടല്‍ ഉണ്ടാകില്ലെന്നു റിപ്പോർട്ടുകൾ. ഘടകകക്ഷികളിലെ പ്രശ്നങ്ങള്‍ അതാത് കക്ഷികളോ അല്ലെങ്കിൽ അതതു സംസ്ഥാനത്തെ യു ഡി എഫ് നേതൃത്വമോ തന്നെ പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. അതേസമയം  കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു ഡി എഫിന്റെ സമീപ മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കാതെ നോക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കമാൻ്റ് നല്‍കിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടെങ്കിലും ഒരു ഘടകകക്ഷിയിലെ പ്രശ്നത്തില്‍ ഇടപെടാന്‍ അദ്ദേഹം ശ്രമിക്കില്ല. ഘടകകക്ഷികളുടെ പ്രശ്നത്തില്‍ ഇടപെടുന്നത് ഹൈക്കമാന്റ്റ് കീഴ്വഴക്കമല്ലെന്നുള്ളതാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഥവാ അങ്ങനൊരു സാഹചര്യം ഉണ്ടായാല്‍ അത് പി സി സികള്‍ ഇടപെട്ട് പരിഹരിക്കുന്നതാണ് കോണ്‍ഗ്രസ് ശൈലി .

കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ വീണ്ടും അഭ്യൂഹങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതില്‍ മാണി വിഭാഗത്തിന് അതൃപ്തിയുണ്ട്.  കോട്ടയം സീറ്റിനെ സംബന്ധിച്ച് ഇനി ചര്‍ച്ചയ്ക്കില്ലെന്നും പ്രചരണം ശക്തമാക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മാണി വിഭാഗം വ്യക്തമാക്കി. ഇതൊന്നുമറിയാതെയാണ് ഏഷ്യാനെറ്റ്, മാതൃഭൂമി ഉള്‍പ്പെടെയുള്ള ചാനലുകള്‍ കേരളാ കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നു പാർട്ടിക്കുള്ളിൽ തന്നെ ആരോപണങ്ങളും ഉയർന്നതായി സൂചനകളുണ്ട്.

കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കലാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനത്തിന്റെ പ്രധാന ദൌത്യങ്ങളിലൊന്നെന്നായിരുന്നു മാധ്യമങ്ങൾ നേരത്തേ വാർത്ത നൽകിയിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോട്ടയം സീറ്റിനെ സംബന്ധിച്ച ചര്‍ച്ചകള്‍ യു ഡി എഫില്‍ അവസാനിച്ചു കഴിഞ്ഞുവെന്നുമാണ് മാണി വിഭാഗം നേതാക്കൾ വെളിപ്പെടുത്തുന്നത്.