ടോം വടക്കൻ ബിജിയിൽ ചേർന്നപ്പോൾ ഞെട്ടിയത് സംസ്ഥാന ബിജെപി നേതൃത്വം; തൃശൂർ സീറ്റിനെ ചൊല്ലി ബിജെപിയിൽ കലാപം

single-img
14 March 2019

ഇന്ന് രാവിലെ ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു മുതിർന്ന നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് വലിയ വിജയമായാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത് എങ്കിലും കേരളത്തിലെ നേതാക്കൾക്ക് ഒട്ടും ആവേശത്തിലല്ല. കേരളത്തിലെ ഒരു പഞ്ചായത്തു വാർഡിൽ പോലും ഒറ്റയ്ക്ക് ജയിക്കാൻ കഴിയാത്ത ഒരു നേതാവിനെ കെട്ടിയിറക്കി കേരളത്തിലേക്ക് കൊണ്ട് വരുന്നത് പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും എന്നാണു ബിജെപി നേതാക്കളുടെ അഭിപ്രായം.

ഇപ്പോൾ തന്നെ മറ്റു പാർട്ടിയിലെ നേതാക്കളെ പണവും മറ്റും വാഗ്‌ദഗാനം ചെയ്തു ബിജെപി ചാക്കിട്ടു പിടിക്കുകയാണ് എന്ന ആരോപണം ശക്തമാണ്. മാത്രമല്ല കേരളം ഇത്തരം നേതാക്കളെ പ്രോഹത്സാഹിപ്പിക്കാറുമില്ല എന്നതുമാണ് സംസ്ഥാന ബിജെപി നേതാക്കൾ പങ്കു വെക്കുന്ന ആശങ്ക. ഇത് കൂടാതെ ടോം വടക്കന് കേരളത്തിൽ സ്വന്തമായി പ്രതിച്ഛായയെ അണികളോ നിലവിലില്ല. അതുകൊണ്ടു തന്നെ വടക്കൻ വരുന്നത് കൊണ്ട് സംസ്ഥാന ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല നഷ്ട്ടം മാത്രമേ ഉണ്ടാകൂ എന്നാണു നേതാക്കളുടെ വിലയിരുത്തൽ.

ഇത് കൂടാതെ കെ സുരേന്ദ്രന് വേണ്ടി കരുതി വെച്ച തൃശൂർ ലോകസഭാ മണ്ഡലം ടോം വടക്കന് നൽകിയാൽ അത് വീണ്ടും പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കും എന്നും നേതാക്കൾ ഭയപ്പെടുന്നു. ഇതുകൊണ്ടാണ് ടോം വടക്കന് ലോക്സഭാ സീറ്റ് നല്‍കുന്നതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതിരുന്നത് എന്നും നേതാക്കൾ പറയുന്നു.

തൃശൂരില്‍ മല്‍സരിക്കാന്‍ ടോം വടക്കനോട് ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ എന്താകും തീരുമാനം എന്ന ചോദ്യത്തിന് അത് സംസ്ഥാനത്ത് കൂട്ടായേ തീരുമാനിക്കാനാകൂ എന്നായിരുന്നു മറുപടി പറഞ്ഞത്. തൃശൂരിനായി ഇപ്പോള്‍ തന്നെ എന്‍ഡിഎയില്‍‌ പിടിവലി ദൃശ്യമാണ്. വടക്കനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാൻ എന്ന നിർദ്ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടു വെക്കാനും സാധ്യത ഉണ്ട്. എന്നാൽ ഇത് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്തായാലും വടക്കന് ബിജെപി പ്രവേശന വിഷയത്തിൽ സംസ്ഥാന ബിജെപി നേതാക്കൾക്ക് താല്പര്യമില്ല എന്ന കാര്യം ഉറപ്പാണ്.