ഇഖാമ ലംഘകരേയും സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ കുവൈറ്റ് പരിശോധന ശക്തമാക്കി

single-img
14 March 2019

കുവൈറ്റ് സിറ്റി: ഇഖാമ ലംഘിക്കുന്നവരെയും സ്വന്തം സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ കുവൈറ്റ് സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ചുരുങ്ങിയ കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പുനരാരംഭിച്ച പരിശോധന ക്യമ്പയിനില്‍ ആദ്യ ദിനം തന്നെ 459 പേര്‍ പിടിയിലായി. ആവശ്യമായ താമസരേഖകളില്ലാത്ത 130 പേര്‍, സ്പോണ്‍സര്‍ മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി തീര്‍ന്നവരുമടക്കം 51 പേര്‍, ഒളിച്ചോടിയതിന് കേസുള്ള 26 പേര്‍, മദ്യത്തിന്റെ ലഹരിയിലായിരുന്ന 15 പേര്‍, വിവിധ സിവില്‍ കേസുകളിലായി പ്രതികളായ10 പേര്‍, അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്.

ഇതിന് സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ 164 നിയമലംഘനങ്ങള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മൂന്ന് പേരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുവൈറ്റില്‍ നിയമ ലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം.

നിയമലംഘകര്‍ക്ക് മാത്രമല്ല, കുറ്റവാളികള്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
കുവൈറ്റ് പൊതുസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ്സബാഹ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.