ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റ്: ഫെഡററും നദാലും ക്വാര്‍ട്ടറില്‍ കടന്നു

single-img
14 March 2019

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിൽ നടക്കുന്ന ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇതിഹാസതാരം റോജര്‍ ഫെഡററും റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിലവിൽ സീഡില്ലാത്ത ബ്രിട്ടീഷ് താരം കെയ്‌ലി എഡ്മുണ്ടിനെ 6-1, 6-4 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. കേവലം ഒരു മണിക്കൂര്‍കൊണ്ട് ഫെഡറര്‍ കളി അവസാനിപ്പിച്ചു. ഇത് ആദ്യമായാണ് ഫെഡറര്‍ കെയ്‌ലിയുമായി ഏറ്റുമുട്ടുന്നത്.

അടുത്ത റൗണ്ടായ ക്വാര്‍ട്ടറിലും സീഡില്ലാത്ത താരം തന്നെയാണ് സ്വിസ് താരത്തിന്റെ എതിരാളി. പോളിഷ് ടെന്നീസ് താരമായ ഹുബര്‍ട്ട് ഹര്‍ക്കസിനെയാണ് ആണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ നേരിടുക. കനേഡിയയുടെ ഡെന്നിസ് ഷപ്പവലോവിനെ 7-6, 2-6, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഹുബര്‍ട്ട് ഫെഡററുമായുള്ള മത്സരത്തിന് ആദ്യമായി അര്‍ഹത നേടിയത്.

അതേസമയം, റാഫേല്‍ നദാല്‍ സെര്‍ബിയന്‍ എതിരാളി ഫിലിപ്പ് ക്രാജിനോവിച്ചിനെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് മുന്നേറിയത്. ഫെഡററും നദാലും കളിയിൽ ഒരു സെറ്റുപോലും നഷ്ടപ്പെടാതെയാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ഇരുവരും ജയിച്ചാല്‍ പിന്നീട് നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങും. ഇതിനു മുൻപ് ഫെഡറര്‍ അഞ്ചു തവണയും നദാല്‍ മൂന്നുതവണയും ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടിയിട്ടുണ്ട്.