പ്രവാസികള്‍ക്കും ഇനിമുതല്‍ ഖത്തറില്‍ ഭൂഉടമസ്ഥാവകാശം; കരട് പ്രമേയത്തിന് മന്ത്രിസഭാ അംഗീകാരം

single-img
14 March 2019

ദോഹ : ഇനിമുതല്‍ പ്രവാസികള്‍ക്കും ഖത്തറില്‍ ഭൂഉടമസ്ഥാവകാശത്തിന് അനുമതി ഉണ്ടായിരിക്കും. ഖത്തര്‍ പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതിനല്‍കുന്ന പ്രത്യേക കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്തറില്‍ വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും കമ്പനിയുടമകള്‍ക്കും സന്തോഷം പകരുന്ന തീരുമാനമാണ് മന്ത്രിസഭ പാസാക്കിയത്.

വസ്തുക്കളില്‍ ഖത്തര്‍ പൌരന്‍മാര്‍ അല്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച 2018ലെ 16ാം നമ്പര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രമേയം തയാറാക്കിയത്. ഇന്ന് അമീരി ദിവാനില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് പ്രമേയം അംഗീകരിച്ചത്. പുതിയ നിയമത്തോടെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും റിയല്‍ എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും. ഖത്തര്‍ പൌരന്മാര്‍ അല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ട്. 16 മേഖലകളിലായി 99 വര്‍ഷത്തേക്ക് റിയല്‍എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കും.

അതേപോലെതന്നെ റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കുള്ളില്‍ റസിഡന്‍ഷ്യല്‍ വില്ലകളുടെയും ഉടമസ്ഥാവകാശം നേടാന്‍ സാധിക്കും. വ്യവസായ കോംപ്ലക്സുകളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശത്തിനും അനുമതി നല്‍കും.
ഖത്തര്‍ നീതിന്യായമന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി വിശദീകരിച്ചു.