യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്കെതിരായ നിലപാട്; ചെെനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യൽ മീഡിയയിൽ ആഹ്വാനം

single-img
14 March 2019

രക്ഷാ സമിതിയിൽ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് എതിര് നിന്ന ചെെനക്കെതിരെ ഉത്പന്നങ്ങളുടെ ബഹിഷ്ക്കരണ ആഹ്വാനവുമായി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ, ചൈന പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളുകയായിരുന്നു.

യു എൻ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ മാത്രം അഭിപ്രായം പരിഗണിച്ച് കൊണ്ടായിരിക്കരുതെന്നാണ് ചെെന പറഞ്ഞത്. ചെെനയുടെ പാകിസ്താന് അനുകൂലമായ വീറ്റോ നടപടിയിൽ പ്രതിഷേധിച്ച് ചെെനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് ട്വിറ്റർ ഉൾപ്പടെയുള്ള ഇടങ്ങളിൽ ആവശ്യമുയർന്നു. ദേശീയ തലത്തിൽ യോഗ ഗുരു ബാബ രാംദേവ് ഉൾപ്പടെയുള്ളവർ ഇതേറ്റുപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേത് ഉൾപ്പെടെ ഇത് നാലാം തവണയാണ് മസൂദ് അസ്ഹറിനെതിരായ നീക്കം ചെെന രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് തള്ളുന്നത്. ഇന്ത്യൻ നീക്കത്തിന് ഭൂരിപക്ഷം രാജ്യങ്ങളുടെയും പിന്തുണ ലഭിച്ച വേളയിൽ വീറ്റോ പ്രയോഗിച്ചത് നിർഭാഗ്യകരമായിപ്പോയെന്ന് ഇന്ത്യൻ വക്താവ് പരസ്യമായി പറയുകയും ചെയ്തിരുന്നു.