ആരിഫ് ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്കുപോകും: വെള്ളാപ്പള്ളി നടേശന്‍

single-img
13 March 2019

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ.ആരിഫ് ജയിച്ചുകഴിഞ്ഞെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരിഫിനോട് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ആനയോട് ആട് മല്‍സരിക്കും പോലെയാണ്. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ അവിടേക്ക് അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാരെന്നും അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍ നിന്ന് പേടിച്ചാണ് കെ സി വേണുഗോപാല്‍ പിന്‍മാറിയത്. തന്നെ നശിപ്പിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വരേണ്ട ആവശ്യമില്ല. കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടിത്തെറിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

എസ്എന്‍ഡിപി ഭാരവാഹികള്‍ മല്‍സരിക്കരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നതിനെക്കുറിച്ച് അറിയില്ല. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ സ്ഥാനം രാജിവച്ച് മല്‍സരിക്കുന്നതാണ് അഭികാമ്യം. തുഷാര്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എഎ ഷുക്കൂര്‍ രംഗത്തെത്തി. വെള്ളാപ്പള്ളി തലമൊട്ടയടിച്ച് കാശിയില്‍ പോകേണ്ടി വരുമെന്ന് എഎ ഷുക്കൂര്‍ പറഞ്ഞു. വെള്ളാപ്പള്ളി പിന്തുണച്ചവരുടെ ഗതി എന്താണെന്ന് ആലപ്പുഴക്കാര്‍ക്കറിയാം.

സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള കച്ചവടമെന്തെന്ന് മനസ്സിലായെന്നും വെള്ളാപ്പള്ളിയെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ തുടങ്ങിയെന്നും ഷുക്കൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.