സിപിഎം മാര്‍ച്ച് തടഞ്ഞ എസ്‌ഐക്ക് കിട്ടിയത് കരണത്തടി

single-img
13 March 2019

തിരൂര്‍: സി.പി.എം മാര്‍ച്ച് തടഞ്ഞ എസ്.ഐയെ പ്രവര്‍ത്തകന്‍ കരണത്തടിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ സി.പി.എം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് എത്തിയതോടെ പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു.

പ്രതിഷേധത്തനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്‍നിരയില്‍ നിന്ന് ഓടിയെത്തിയ യുവാവാണ് പ്രകോപനം സൃഷ്ടിക്കാതെ നിന്നിരുന്ന എസ്‌ഐ ഗോപാലന്റെ കരണത്തടിച്ചത്.

വീണ്ടും മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ മറ്റ് പൊലീസുകാരും നേതാക്കളും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇയാളെ സമരസ്ഥലത്ത് കണ്ടില്ല. അടുത്തിടെ ആലത്തിയൂരിലും താഴേപ്പാലത്തും വച്ച് പൊലീസിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു സിപിഎമ്മുകാരനെതിരെയും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെയും പൊലീസ് കേസെടുത്തിരുന്നു.