‘എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്‌നേഹം തോന്നിയിരുന്നു’; പാര്‍ലമെന്റില്‍ മോദിയെ ആലിംഗനം ചെയ്തതെന്തിനെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

single-img
13 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യഥാര്‍ഥത്തില്‍ സ്‌നേഹം തോന്നിയതുകൊണ്ട് തന്നെയാണ് കെട്ടിപ്പിടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ സ്‌റ്റെല്ല മേരീസ് കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം.

”പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതു ഞാന്‍ നന്നായി ശ്രദ്ധിച്ചു. അദ്ദേഹത്തോടു വ്യക്തിപരമായി എനിക്ക് ഒരു ശത്രുതയുമില്ല. അന്ന് അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു, കോണ്‍ഗ്രസിനെതിരെ വളരെ മോശമായി സംസാരിച്ചു. പക്ഷേ, എന്റെ ഉള്ളില്‍ അദ്ദേഹത്തോടു വാല്‍സല്യവും സ്‌നേഹവും തോന്നി. ഈ മനുഷ്യനു ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലല്ലോ എന്നും എന്റെ ഉള്ളില്‍ തോന്നിയ സ്‌നേഹം പ്രകടിപ്പിക്കണമെന്നും തോന്നി. യഥാര്‍ഥത്തില്‍ എന്റെ മനസ്സില്‍ മോദിയോടു സ്‌നേഹമാണ്,” നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ രാഹുല്‍ പറഞ്ഞു.

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്. ഇത് കയ്യടിച്ചും ആര്‍പ്പുവിളിച്ചും വിദ്യാര്‍ഥിനികള്‍ വരവേറ്റു. പ്രത്യേകം തയാറാക്കിയ റാംപിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയിലേക്കു കടന്നു ചെന്ന് ഉത്തരങ്ങള്‍ നല്‍കി. സര്‍, എന്നതിനു പകരം രാഹുല്‍ എന്നു വിളിക്കുമോ എന്ന് ഒരു വിദ്യാര്‍ഥിനിയോട് രാഹുല്‍ ചോദിച്ചു.

വനിതാ സംവരണ ബില്‍ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു. ഒപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവെ സ്ത്രീകളാണു പുരുഷന്മാരെക്കാള്‍ സ്മാര്‍ട് എന്നാണ് തന്റെ അഭിപ്രായം. ഉത്തരം കേട്ടത്തോടെ വേദി പൊട്ടുമാറു പെണ്‍കുട്ടികള്‍ കയ്യടിച്ചു. അഴിമതിക്കാരുടെ കൂട്ടത്തില്‍ റോബര്‍ട്ട് വാധ്‌രയുടെ പേരു പറയാത്തത് എന്ത് എന്ന് ഒരു വിദ്യാര്‍ഥിനി ചോദിച്ചപ്പോള്‍ നിയമം എല്ലാവര്‍ക്കും ഒരുപേലെയാണെന്നും. വാധ്‌രയുള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ അന്വേഷണം നടത്തും എന്നും സൗമ്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്.