വശീകരിച്ചു പീഡിപ്പിച്ചത് നൂറോളം പെണ്‍കുട്ടികളെ; വീഡിയോ പകര്‍ത്തി പണവും തട്ടി: പൊള്ളാച്ചി പീഡനത്തെ കുറിച്ച് പോലീസ്

single-img
13 March 2019

തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് നേരത്തെ തമിഴ്‌നാട് സിബിസിഐഡിക്കു കൈമാറിയിരുന്നു. എന്നാല്‍ സംഭവത്തില്‍ എഡിഎംകെ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ തമിഴ്‌നാട് പോലീസ് മേധാവിയെ സന്ദര്‍ശിച്ച് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമല്‍ഹാസന്‍ ആയിരുന്നു സംഭവത്തില്‍ ആദ്യം ഇടപെട്ടത്. നൂറോളം പെണ്‍കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഭൂരിപക്ഷവും കോളജ് വിദ്യാര്‍ഥിനികളായിരുന്നു ഇവരുടെ ഇര. കേസില്‍ എട്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രധാനപ്രതികളായ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു.

പൊലീസ് പറയുന്നതിങ്ങനെ:

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുനാവക്കരശുമായി യുവതി പ്രണയത്തിലായിരുന്നു. നേരിട്ടു കാണണമെന്നു തിരുനാവക്കരശ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു യുവതി കഴിഞ്ഞ ഫെബ്രുവരി 12ന് പൊള്ളാച്ചി നഗരത്തില്‍ എത്തി പ്രതികള്‍ സഞ്ചരിച്ച കാറില്‍ കയറി.

തുടര്‍ന്നു ഭീഷണിപ്പെടുത്തി താനും തിരുനാവക്കരശുമായുള്ള മോശം വീഡിയോ ചിത്രീകരിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്നു വഴിയില്‍ ഉപേക്ഷിച്ചതായാണു യുവതിയുടെ പരാതിയിലുള്ളത്. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു നൂറോളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ വശീകരിച്ചു പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പണം തട്ടിയതായി കണ്ടെത്തിയതായാണു പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ മറ്റാരും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല.

സംഭവത്തില്‍ രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്ന്, പിടിയിലാകുന്നതിനു മുന്‍പു തിരുനാവക്കരശ് വെളിപ്പെടുത്തുന്ന വീഡിയോയും ഇതിനിടെ പ്രചരിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ സഹോദരനെ പൊള്ളാച്ചിയിലെ അണ്ണാഡിഎംകെ പ്രാദേശിക നേതാവ് എ.നാഗരാജ് ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും ആരോപണം ഉയര്‍ന്നു.

വിസികെ അടക്കമുള്ള പാര്‍ട്ടികള്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നു നാഗരാജിനെതിരെയും എഫ്‌ഐആര്‍ ചുമത്തി. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയിലാണ് ഇതെന്നാണു പൊലീസ് വിശദീകരണം.

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ നേതാക്കളില്ലെന്നാണു പൊലീസ് ഭാഷ്യം. ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍നിന്നു ലഭിച്ചതായും പൊലീസ് അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസിനു ചൂടുപിടിച്ചത്.