മോദി ഒരിക്കൽ കൂടി ഇന്ത്യ ഭരിച്ചാൽ രാജ്യം നശിക്കും; കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി അധഃപതിച്ചു: പിണറായി വിജയൻ

single-img
13 March 2019

തിരുവനന്തപുരം: നരേന്ദ്രമോദി ഒരിക്കൽ കൂടി ഇന്ത്യ ഭരിച്ചാൽ രാജ്യം നശിക്കുമെന്നും ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് അധഃപതിച്ചെന്നുംകേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചത്. രാജ്യത്തെ പാവപ്പെട്ടവരെയും സാധാരണക്കാരെയും കൂടുതൽ പാപ്പരാക്കിക്കൊണ്ട് കോർപ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റുകളാണ് കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും പരിഹരിക്കാൻ കേന്ദ്ര സർക്കാരിനായിട്ടില്ല. സമ്പന്നർക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് പണമെടുത്ത് മുങ്ങാൻ കേന്ദ്രസർക്കാർ ഒത്താശ ചെയ്തുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

മതനിരപേക്ഷത അല്ല, നാസിസമാണ് ബിജെപി അംഗീകരിക്കുന്നത്. ഘർവാപ്പസി ഉൾപ്പെടെയുള്ള വർഗീയത നിറഞ്ഞാടിയ അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. വീണ്ടും ഒരു തവണ കൂടി മോദി അധികാരത്തിൽ വന്നാൽ രാജ്യം നശിക്കും. അതുകൊണ്ട് മതേതര സർക്കാരായിരിക്കണം ഇനി രാജ്യം ഭരിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തെ നശിപ്പിക്കുന്ന ബിജെപിയിലേക്ക് ഉള്ള റിക്രൂട്ടിങ് കേന്ദ്രമായി കോൺഗ്രസ് മാറി. ദേശീയ തലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തിക നയം ഒന്നാണ്. മതേരത പാർട്ടിയാണ് എന്ന് പറയുമ്പോഴും വർഗീയ വാദികൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പശുവിന്റെ പേരിൽ അക്രമം നടന്നപ്പോൾ ഗോവധം നിരോധിച്ചവരാണന്ന് പറഞ്ഞ് രംഗത്ത് വന്നവരാണ് കോൺഗ്രസ്. അതേപോലെ, ബാബറി മസ്ജിദ് കേസിൽ രാമക്ഷേത്രം ഞങ്ങൾക്കേ പണിയാനാവൂ എന്നും കോൺഗ്രസ് പറഞ്ഞു. ഇതെല്ലാം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ വർഗീയ മുഖമാണെന്നും പിണറായി വിജയൻ പറയുന്നു.