ബാലാക്കോട്ടില്‍ പാക് സൈനികരും മരിച്ചു; കൂട്ടത്തോടെ നദിയില്‍ മറവു ചെയ്തു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

single-img
13 March 2019

ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടെന്ന വാദവുമായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക്ക് ആക്ടിവിസ്റ്റ് സെന്‍ജെ ഹസ്‌നാന്‍ സെറിങ്. കൊല്ലപ്പെട്ട ഇരുന്നൂറോളം പേരെ ബാലാകോട്ടില്‍ നിന്നു ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.

പാക്കിസ്ഥാനിലെ ചില ഉര്‍ദു മാധ്യമങ്ങളിലും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചുവെന്നതിന് തെളിവായി സൈനികന്‍ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം വീഡിയോ ബാലകോട്ട് ആക്രമണത്തില്‍ മരിച്ചവരേപ്പറ്റിയുള്ളതാണോയെന്ന് ഉറപ്പില്ലെന്ന് സെന്‍ജെ സെറിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

എന്നാല്‍ എന്തൊക്കെയോ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളേയോ പ്രാദേശിക മാധ്യമങ്ങളേയോ വ്യോമാക്രമണം നടന്ന സ്ഥലത്ത് പ്രവേശിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്ത്യ ബോംബിട്ടത് വനത്തിലും കൃഷിയിടങ്ങളിലുമാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ അനുവദിക്കാത്തതിന് ന്യായീകരണമില്ലെന്നും സെന്‍ജെ സെറിങ് പറഞ്ഞു.

തങ്ങളുടെ മദ്രസ അവിടെയുണ്ടായിരുന്നുവെന്ന് ജെയ്‌ഷെ പറഞ്ഞിട്ടുണ്ട്. അതേസമയം ഇന്ത്യ ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി നിരവധി മൃതദേഹങ്ങള്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഉര്‍ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനാല്‍ ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂര്‍ണവിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 14 നാണ് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് ബാലകോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തത്. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ അറിയിച്ചത്. എന്നാല്‍ ആരും മരിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.

എന്നാല്‍ ആക്രമണത്തില്‍ ഭീകരക്യാംപിലുണ്ടായിരുന്ന മുതിര്‍ന്ന പാക്ക് സൈനികര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞത്. നാലോ അഞ്ചോ സൈനികര്‍ മരിച്ചിട്ടുണ്ടെന്നാണ് ബാലോകോട്ടിലെ ഒരു വ്യക്തി ഫോണ്‍ കോള്‍ വഴി പറഞ്ഞത്. ഇവിടുത്തെ ഭീകരക്യാംപുകളില്‍ പാക്ക് സൈനികരും പരിശീലനം നടത്തുന്നുണ്ടെന്നും വെളിപ്പെടുത്തി. എത്ര പേര്‍ മരിച്ചു എന്നതു സംബന്ധിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണയില്ല.

ആക്രമണം നടന്നതിനു ശേഷം പുറത്തുനിന്നു ഒരാളെയും പ്രദേശത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഇവിടേക്കുള്ള വഴികളെല്ലാം സൈന്യം തന്നെ അടച്ചു. ആക്രമണം സംബന്ധിച്ചുള്ള ഒരു രേഖകളും പുറത്തുവിടരുതെന്ന് പാക്ക് സൈനിക മേധാവികള്‍ അറിയിപ്പു നല്‍കിയിരുന്നു.

മരിച്ചവരെയെല്ലാം കുന്‍ഹാര്‍ നദിയിലാണ് അടക്കം ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ച് നദിയില്‍ ഒഴുക്കിയതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടവരെ പെട്ടെന്നു തന്നെ വസിരിസ്ഥാന്‍–അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് മാറ്റുകയായിരുന്നു. ഭീകര ക്യാംപിന്റെയും ആക്രമണത്തിന്റെ റഡാര്‍ ഇമേജുകളും മറ്റുതെളിവുകളും ഇന്ത്യന്‍ വ്യോമസേന സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.