കൂടെ നിൽക്കണം: മാതൃഭൂമി ഇംഗ്ലീഷ്, റിപ്പബ്ലിക് ടി.വി, ഇന്ത്യാ ടുഡേ, ആജ് തക്, ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് മോദിയുടെ അഭ്യര്‍ത്ഥന

single-img
13 March 2019

ന്യൂഡല്‍ഹി: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ചില വ്യക്തികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദേശം. മാതൃഭൂമി ഇംഗ്ലീഷ്, റിപ്പബ്ലിക് ടി വി, ഇന്ത്യാ ടുഡേ, ആജ് തക്, സീ ന്യൂസ്, എ ബി പി ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് മോദി സന്ദേശം അയച്ചത്.

‘ രാജ്യത്തെജനങ്ങളുടെ ആവശ്യങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിക്കാന്‍ നിങ്ങള്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്. വോട്ടര്‍മാരെ ബോധവത്കരിക്കുക എന്നത് ജനാധിപത്യം ദൃഢപ്പെടുത്താന്‍ പ്രധാനമാണ്. വലിയതോതില്‍ വോട്ടു ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.’ എന്നാണ് മാതൃഭൂമിയേയും ദിനതന്തി, ഈനാട് എന്നീ മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് മോദി ട്വിറ്ററില്‍ കുറിച്ചത്. വ്യക്തിപരമായി റിപ്പബ്ലിക് ടി വിയിലെ അര്‍ണബ് ഗോസ്വാമി, ഇന്ത്യാ ടുഡേയിലെ രാഹുല്‍ കന്‍വാല്‍, ആജ് തക്കിലെ അഞ്ജന ഓം കശ്യപ്, സീന്യൂസിലെ സുധീര്‍ ചൗധരി, എ ബി പി ന്യൂസിലെ റുബിക ലിയാഖത് എന്നീ മാധ്യമപ്രവര്‍ത്തകരോടും മോദി ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും നിന്നും മാതൃഭൂമിയോട് മാത്രമാണ് മോദി ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. സംഘപരിവാറിന് അനുകൂലമായ നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടവരാണ് മോദി ടാഗ് ചെയ്ത മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും.