കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ തരംഗമായ ‘മോദി ജാക്കറ്റി’ന് ഇത്തവണ പ്രിയം കുറഞ്ഞു; വാങ്ങാന്‍ ആളില്ലെന്ന് വ്യാപാരികള്‍

single-img
13 March 2019

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ മോദി അനുകൂലികള്‍ ‘മോദി ജാക്കറ്റ്’ എന്നു വിളിക്കുന്ന ‘നെഹ്‌റു ജാക്കറ്റി’ന്റെ വില്‍പന വ്യാപകമായി ഇടിഞ്ഞു. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു.

മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണു വ്യാപാരികളുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും. കഴിഞ്ഞ ഒരു വര്‍ഷം 10 എണ്ണം മാത്രമാണ് വിറ്റതെന്നാണ് പരമ്പരാഗത വസ്ത്രവ്യാപാരി രാജേന്ദ്ര ഭാവ്‌സ പറഞ്ഞത്.

വിറ്റഴിക്കാനാവാത്തത് കാരണം താന്‍ വലഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാക്കറ്റ് തയ്ച്ചിരുന്നവര്‍ ഷര്‍ട്ട് തുന്നലിലേക്ക് മാറിയെന്നാണ് തുന്നല്‍ കടക്കാര്‍ പറയുന്നത്. ഡിസംബറിലാണ് താന്‍ അവസാനമായി അത്തരമൊരു ജാക്കറ്റ് വിറ്റതെന്ന് തുന്നല്‍ വിദഗ്ധനായ ഷക്കീല്‍ പറഞ്ഞു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചിരുന്ന മോദി പ്രഭാവത്തിന് വിള്ളല്‍ വീണെന്നാണ് മോദി വിമര്‍ശകരുടെ വാദം. മോദിയുടെ ഡിമാന്റ് ഇടിഞ്ഞതോടെ മോദിയുടെ ജാക്കറ്റിന്റെ ഡിമാന്റും കുത്തനെ നിലംപതിച്ചെന്നാണ് ഇവരുടെ വാദം.

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് കൊണാട്ട് പ്ലേസിലെ ഖാദി കേന്ദ്രത്തിലാണ് ജാക്കറ്റുകളും കുര്‍ത്തകളും ഖാദി ഇന്ത്യ അവതരിപ്പിച്ചത്. കൊണാട്ട് പ്ലേസിലെ ഔട്ട്‌ലെറ്റില്‍ നിന്നും ഒക്ടോബര്‍ മാസത്തില്‍ മാത്രം 14.76 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. കേരളത്തില്‍ ഖാദി കേന്ദ്രമുള്ള എറണാകുളത്തും കുര്‍ത്തജാക്കറ്റ് വസ്ത്രങ്ങളുടെ വില്‍പ്പന സജീവമായിരുന്നു.