ഹര്‍ത്താല്‍ അക്രമം: ശശികല, സെന്‍കുമാര്‍ അടക്കം 13 ആര്‍എസ്എസ് നേതാക്കള്‍ കുടുങ്ങും

single-img
13 March 2019

ജനുവരി 3ന് നടന്ന ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള, ആര്‍എസ്എസ് സംസ്ഥാന നേതാവ് പിഇബി മേനോന്‍ അടക്കമുള്ളവര്‍ പ്രതികളാണ്. മുന്‍ കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ എസ് രാധാകൃഷണന്‍, മുന്‍ ഡിജിപി സെന്‍കുമാര്‍, കെ പി ശശികല, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കതെിരേയും കേസെടുത്ത് മുന്നോട്ടു പോവാനാണ് സര്‍ക്കാര്‍ തീരുമാനം.

ഹര്‍ത്താലില്‍ നേരിട്ട് ഇവര്‍ പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍ നടപ്പായത്. അതു കൊണ്ട് തന്നെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവര്‍ക്ക് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.