ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം; ഖ്വാജയ്ക്ക് രണ്ടാം സെഞ്ചുറി

single-img
13 March 2019

ഓസീസിനെതിരെ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം. അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. ടോസ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപണര്‍ ആരോണ്‍ ഫിഞ്ച് (27) മടങ്ങിയതോടെ പ്രതിസന്ധിയിലായ ഓസീസിനെ രക്ഷിച്ചത് ഖ്വാജയും ഹാന്‍ഡ്‌സ്‌കോംബും(52) തമ്മിലുള്ള കൂട്ടുകെട്ടാണ്. 102 പന്തിലാണ് ഖ്വാജ സെഞ്ച്വറി കുറിച്ചത്. പത്ത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് ഖ്വാജയുടെ ഇന്നിങ്‌സ്. വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ പതിയെ പിടിച്ചുകെട്ടുകയായിരുന്നു.

ഖ്വാജ പുറത്തായതിന് പിന്നാലെയെത്തിയ മാക്‌സ്‌വെല്ലും(1) പെട്ടെന്ന് മടങ്ങിയതോടെ ഓസ്‌ട്രേലിയ പ്രതിസന്ധിയിലായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ടര്‍ണര്‍(20) ഇത്തവണ പെട്ടെന്ന് പുറത്തായി. സ്റ്റോയിനിസ്(20), അലക്‌സ് കാരി(3), പാറ്റ് കമ്മിന്‍സ്(15) എന്നിവരും പെട്ടെന്ന് പുറത്തായി. വാലറ്റത്ത് പൊരുതി 29 റണ്‍സെടുത്ത റിച്ചാര്‍ഡ്‌സണ്‍ ആണ് ഓസ്‌ട്രേലിയയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയാണിത്.