ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ലിസ്റ്റ് നൽകി

single-img
12 March 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആറ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ലിസ്റ്റ് നൽകി. എല്ലാ തിരഞ്ഞെടുപ്പിലും യൂത്ത് കോൺഗ്രസ്സുകാരെ തഴയുകയും ജയം ഉറപ്പില്ലാത്ത സീറ്റിൽ മത്സരിക്കാൻ അവസരം നൽകുന്നതിനെതിരെയും നേതൃത്വത്തിനെതിരെ വിമർശനം ഉയർന്ന് വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു നീക്കത്തിന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം മുതിർന്നത്.

കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയ ലിസ്റ്റിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റടക്കം ആറ് പേരാണ് ഉള്ളത്. ഡീൻ കുര്യാക്കോസ് (ഇടുക്കി ), ജെബി മേത്തർ (കാസർഗോഡ് ),ആദം മുൽസി (വയനാട് ), പി.എസ്.സുധീർ (ചാലക്കുടി ), ടി.ജി.സുനിൽ (എറണാകുളം), സുനിൽ ലാലൂർ (ആലത്തൂർ ) എന്നിവരാണ് ലിസ്റ്റിലുള്ളത്.


കഴിഞ്ഞ മാസം എറണാകുളത്ത് വെച്ച് ചേർന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ യൂത്ത് കോൺഗ്രസ്സുകാർക്ക് മതിയായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യമുയര്ന്നിരുന്നു. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥികളായി പരസ്പരം വീതം വച്ച്‌ ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്ന ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി യുവാക്കള്‍ക്ക് അര്‍ഹമായ മുന്‍ഗണന നല്‍കണം.

അനിവാര്യരല്ലാത്ത ആള്‍ക്കാരെ മാറ്റണം. ‘യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കും’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നും അന്നത്തെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.