നടന്‍ വിമലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

single-img
12 March 2019

നടന്‍ അഭിഷേകിനെ ആക്രമിച്ച കേസില്‍ തമിഴ് നടന്‍ വിമലിനെതിരെ കേസ്. വിരുമ്പാക്കം പോലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവശേഷം വിമല്‍ ഒളിവിലാണ്. നടനു വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

പസങ്ക, കളവാണി, കളകളപ്പ്, ഇവനുക്ക് എങ്കയോ മാച്ചം ഇരുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിമല്‍. അതിനു മുമ്പ് വിജയ്‌ക്കൊപ്പം ഗില്ലി, കുരുവി എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങളിലെത്തിയിരുന്നു. വരലക്ഷ്മി ശരത്കുമാര്‍ നായികയാകുന്ന കന്നിരാസി, കളവാണി 2, രെണ്ടാവതു പടം എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

തിങ്കളാഴ്ച്ച കാലത്ത് വിമലിന്റെ ചെന്നൈയിലുള്ള വസതിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചെന്നൈ വിരുമ്പാക്കത്തെ ഭാസ്‌കര്‍ കോളനിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഒരു മുറി അന്വേഷിച്ച് എത്തിയതായിരുന്നു വിമലും സുഹൃത്തുക്കളും.

അവിടെ റിസപ്ഷനില്‍ സോഫയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ വക വെക്കാതെ തന്റെ കോള്‍ കഴിയും വരെ കാത്തു നില്‍ക്കാന്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെടുകയായിരുന്നു. അഭിഷേകിന്റെ ഈ പ്രവൃത്തിയില്‍ പ്രകോപിതനായ വിമല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടനെ ആക്രമിക്കുകയായിരുന്നു.

കണ്ണുകള്‍ക്കും മുഖത്തിനും സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് വിമലിനും സുഹൃത്തുക്കള്‍ക്കമെതിരെ പരാതി റജിസ്റ്റര്‍ ചെയ്യുന്നത്. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.