തിരുവല്ലയില്‍ കോളേജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി

single-img
12 March 2019

കോട്ടയം: വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യത്തെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ അയിരൂര്‍ സ്വദേശിനിയായ ബി.എസ്.സി വിദ്യാര്‍ത്ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍ അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം. പ്ലസ്ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയിരുന്നില്ല.

ഇന്ന് രാവിലെ ഒമ്പതരയോടെ കോളേജിലേക്ക് പോകുന്നതിനിടെ ബസ്‌സ്‌റ്റോപ്പില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തീ കൊളുത്തിയ അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.