അവർ നേരത്തേ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും നേരത്തേ തോൽക്കുകയും ചെയ്യും: എൽഡിഎഫിനെക്കുറിച്ച് ചെന്നിത്തല

single-img
12 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ താമസം വരുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടു ദിവസം ഡല്‍ഹിയില്‍ ഇല്ലാത്തതുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്നു കരുതുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. പതിനഞ്ചിനു വൈകിട്ടു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .

എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത് ശക്തരായ സ്ഥാനാര്‍ഥികളാണ് എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. അതുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ വേണമെന്ന ചര്‍ച്ചയൊന്നും കോണ്‍ഗ്രസ് നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ഇതിനകം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ എന്നും അങ്ങനെയാണെന്ന് ചെന്നിത്തല പറഞ്ഞു. ”അവര്‍ നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും നേരത്തെ തന്നെ തോല്‍ക്കുകയും ചെയ്യും” -ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയില്‍ സ്ഥാനാർത്ഥി വിഷയത്തിൽ തര്‍ക്കമൊന്നുമില്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ ആലോചന നടത്തി ഉചിതമായ തീരുമാനമെടുക്കും. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ മത്സരിക്കും. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാത്തതുകൊണ്ട് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥ കോണ്‍ഗ്രസിനില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. അത് അവര്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ചെന്നിത്തല പറഞ്ഞു.