പ്രിയങ്ക മത്സരിക്കില്ല, റാലികളിൽ സംസാരിക്കുകയുമില്ല: പ്രവർത്തകരിൽ നിരാശ പടർത്തി കോൺഗ്രസ് നേതൃത്വം

single-img
12 March 2019

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഒരു പുത്തൻ ഉണർവായിരുന്നു കോൺഗ്രസിന് സമ്മാനിച്ചത്.  പ്രിയങ്ക ഗാന്ധിയുടെ വരവ് പ്രവർത്തകരിലും ഏറെ ആവേശമുണ്ടാക്കിയിരുന്നു. രണ്ടാം ഇന്ദിരാഗാന്ധി എന്നപേരിൽ പ്രിയങ്കയെ വിളിക്കുവാനും പ്രവർത്തകർ തയ്യാറായി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യവുമുയര്‍ന്നിരുന്നു.

പ്രിയങ്കയുടെ നേതൃത്വത്തിൽ രാജ്യത്താകെ പ്രിയങ്ക റാലികള്‍ നടത്തണമെന്നും ആവശ്യമുയർന്ന  സാഹചര്യത്തിലാണ് പ്രവർത്തകരെ നിരാശരാക്കി പുതിയ തീരുമാനം പ്രചരിക്കുന്നത്. പ്രിയങ്ക മത്സരിക്കുന്നത് പോയിട്ട് റാലികളില്‍ സംസാരിക്കുക പോലുമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലുയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ലഖ്‌നൗവില്‍ നടത്തിയ റോഡ് ഷോയിലും പ്രിയങ്ക സംസാരിച്ചിരുന്നില്ല. ഇനിയുള്ള റാലികളിലും പ്രിയങ്ക സംസാരിക്കില്ലെന്നും പകരം സഹോദരന്‍ രാഹുല്‍ ഗാന്ധിയായിരിക്കും സംസാരിക്കുകയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രിയങ്ക അണിയറയിലാകും പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകും ശ്രമം.

പ്രിങ്കയുടെ രാഷ്ട്രീയ പ്രവേശനം പ്രവര്‍ത്തകര്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ, പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഫുല്‍പൂരില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.