അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്

single-img
12 March 2019

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തുവെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍ക്കാരിനെ അറിയിച്ചിരുന്നതായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കും.

നോട്ട് അസാധുവാക്കന്‍ ആര്‍ബിഐയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച നടപടി സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിച്ചു. വമ്പന്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ 2016 നവംബര്‍ എട്ടിന് ചേര്‍ന്ന ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് പുറത്തുവിട്ടിരുന്നു. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍ബിഐ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ഇതിലൂടെയാണ് വ്യക്തമായത്.