ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം; 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാകണം; ബിജെപിയെ വീണ്ടും വെട്ടിലാക്കി ശിവസേന

single-img
12 March 2019

ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യ കക്ഷിയായ ശിവസേന. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലൂടെ ശിവസേന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കശ്മീര്‍ താഴ്‌വര, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരും. മെയ് 23ന് ജനങ്ങളുടെ മന്‍കി ബാത്ത് പുറത്ത് വരുമെന്നും ശിവസേന ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. ജനങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ട്. അതിന് ഉത്തര ംലഭിച്ചില്ലെങ്കില്‍ ബാലറ്റ് ബോക്‌സിലൂടെ അവര്‍ ഉത്തരം കണ്ടെത്തുമെന്നും സാംനയില്‍ പറയുന്നു.

രാമക്ഷേത്രം, കശ്മീര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ നിറവേറ്റിയില്ലെന്ന വിമര്‍ശനവുമായി നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. 2019 ആയിട്ടും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയാണ്. ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.