കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തും; സ്വീകരിക്കുവാൻ മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും

single-img
12 March 2019

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ കുമ്മനത്തിന് വലിയ സ്വീകരണ പരിപാടികളാണ് ബിജെപി ഒരുക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനായാണ് കുമ്മനം രാജശേഖരൻ പദവി ഒഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും മറ്റ് ബിജെപി നേതാക്കളും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തുന്നതെന്നും  സൂചനകളുണ്ട്. രണ്ടായിരത്തിലേറെ പ്രവർത്തകരെ അണിനിരത്തിയുള്ള സ്വീകരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാക്കാനാണ് ബിജെപി നീക്കം. രാവിലെ 8.30ന് കുമ്മനത്തെ വിമാനത്താവളത്തിൽ സ്വീകരിച്ച ശേഷം ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം കുമ്മനം തിരുവനന്തപുരം നിയോജക മണ്ഡലവും ഇന്ന് സന്ദർശിക്കും.

ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു.