ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ മലയാറ്റൂര്‍ പള്ളിയിലോ ബീമാ പള്ളിയിലോ ഇതുപോലെ സംഭവിക്കും: കുമ്മനം

single-img
12 March 2019

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല പരാമര്‍ശിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ മലയാറ്റൂര്‍ പള്ളിയിലോ ബീമാ പള്ളിയിലോ ഇതുപോലെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം തെരെഞ്ഞടുപ്പില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന വാദഗതി അടിസ്ഥാന രഹിതമാണ്. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ തന്നെ ലംഘനമാണ്. ജനാധിപത്യം നിലനില്‍ക്കുന്ന ഈ രാജ്യത്ത് അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പ് കമ്മിഷനെ തള്ളി രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ പ്രശ്‌നങ്ങള്‍ പ്രചാരണായുധമാക്കാനാകില്ലെന്നു പറഞ്ഞ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ ആയിരുന്നു പരാമര്‍ശം.

തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അധികാരമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.