റസിയ ആകണമെന്ന് വാശിപിടിച്ച് കാവ്യ മാധവന്‍ കരഞ്ഞു; നിനക്ക് താരയാകാന്‍ പറ്റില്ലെങ്കില്‍ പോകാമെന്ന് പറഞ്ഞ് ഞാനും ദേഷ്യപ്പെട്ടു; തുറന്നുപറഞ്ഞ് ലാല്‍ ജോസ്

single-img
12 March 2019

പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി ഒരു വലിയ താരനിര വേഷമിട്ട ക്ലാസ്‌മേറ്റ്‌സ് മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയിട്ട് 13 വര്‍ഷങ്ങളാകുന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ് എന്നാണ് ലാല്‍ ജോസ് പറയുന്നത്. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് തുറന്നുപറയുകയാണ്. രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രമാകാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അത് തുറന്നുപറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെട്ടെന്നും ലാല്‍ ജോസ് പറയുന്നു.

”ഷൂട്ടിങ് തുടങ്ങുംമുന്‍പ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാന്‍ ഞാന്‍ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്‌നും ഇന്ദ്രജിത്തും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല.

”ജയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി പറഞ്ഞു, കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയോട് കാര്യമെന്തെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി’, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു.

അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം’. അതും കൂടി കേട്ടതോടെ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതിച്ചു”ലാല്‍ ജോസ് പറയുന്നു.