സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’; ഏറ്റുമുട്ടലുകളില്‍ വെടിയേറ്റ് 90 ശതമാനത്തിലധികം മാരകമായി പരിക്കേറ്റാലും രക്ഷിക്കാനാകും

single-img
12 March 2019

ന്യൂഡല്‍ഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ 90 ശതമാനത്തിലധികം മാരകമായി പരുക്കേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വീരചരമമടയുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അല്ലൈഡ് സയന്‍സ് ലബോറട്ടറിയിലാണ് (ഐഎന്‍എംഎഎസ്) പുതിയ മരുന്നുകള്‍ കണ്ടുപിടിച്ചത്. പരുക്കേറ്റ് ആദ്യ മണിക്കൂറുകളില്‍ത്തന്നെ ഇവ ഉപയോഗിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്നവരുടെ എണ്ണം കൂട്ടാനും അംഗഭംഗം വരുന്നവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞേക്കും.

ഏറ്റുമുട്ടലുകളില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്ന സുരക്ഷാ സൈനികര്‍ക്ക് മരണം സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കുള്ളിലാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുകഴിയും. വെടിയേറ്റ മുറിവില്‍ കൂടി രക്തം നഷ്ടപ്പെടുന്നതാണ് മരണത്തിന് കാരണമാകുന്നത്.

മാവോവാദികളുമായുള്ള വനമേഖലകളിലെ ഏറ്റുമുട്ടലുകളിലും ഭീകരരുമായുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ ഏറ്റുമുട്ടലുകളിലും പരിക്കേല്‍ക്കുന്ന സൈനികരെ ആശുപത്രിയിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. ഇത് പരിക്കേറ്റ സൈനികരുടെ രക്തം നഷ്ടപ്പെട്ട് മരണസംഖ്യ ഉയരാന്‍ കാരണമാകുന്നു.

ഇത് പരിഹരിക്കാന്‍ പരിക്കേറ്റ മുറിവില്‍ കൂടി അധികം രക്തം നഷ്ടപ്പെടുന്നത് തടയുന്ന പ്രത്യേകതരം മരുന്നുകളും സംവിധാനങ്ങളുമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ചികിത്സ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ സമയത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും.

ഗ്ലിസറിന്‍ കലര്‍ന്ന സലൈന്‍ വാട്ടര്‍, മുറിവില്‍ കൂടി രക്തം നഷ്ടപ്പെടുന്നത് തടയാനുള്ള പ്രത്യകതരം ജെല്‍, കൂടുതല്‍ രക്തം വലിച്ചെടുക്കുന്ന തരത്തിലുള്ള ഡ്രസിങ് എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് വികസിപ്പിച്ചിരിക്കുന്നത്.

ഇവയ്ക്ക് പുറമെ മുറിവുകള്‍ അണുബാധയുണ്ടാകാതെ വൃത്തിയാക്കാന്‍ ഗാഢത കുറഞ്ഞ ഹൈപ്പോക്ലോറസ് അസിഡ്, വേദന സംഹാരിയായി നാല്‍ബുഫൈന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയുടെ രീതിയും ഡിആര്‍ഡിഒ അവതരിപ്പിക്കുന്നുണ്ട്. ഇവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

പുതിയ മരുന്ന് ഉപയോഗിക്കുകയായിരുന്നെങ്കില്‍ ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലെ മരണസംഖ്യ കുറയ്ക്കാനായേനെ എന്നും ഡിആര്‍ഡിഒയുടെ പരീക്ഷണശാല അധികൃതര്‍ പറയുന്നു. പുതിയ മരുന്നുകള്‍ ഉപയോഗിച്ചാല്‍ യുദ്ധമുഖത്തുനിന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അമിതമായി രക്തം വാര്‍ന്നുപോയുള്ള ബുദ്ധിമുട്ടുകള്‍ സൈനികര്‍ക്ക് അനുഭവിക്കേണ്ടിവരില്ല.

ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായിനികള്‍ 18 ഡിഗ്രി കാലാവസ്ഥയിലും കട്ടിപിടിക്കില്ല. ഉയര്‍ന്ന പ്രതലത്തിലുള്ള അപകടാവസ്ഥകളെ നേരിടാന്‍ ഈ ലായിനിക്കു കഴിയും. മുറിവുകള്‍ കെട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കളെക്കാള്‍ 200 മടങ്ങ് അധികം ഗുണകരമാണ് പുതിയതായി കണ്ടുപിടിച്ചവ. മുറിവിനു മുകളില്‍ പാട പോലെനിന്നു രക്തസ്രാവത്തെ ചെറുക്കുകയാണ് ചിറ്റോസാന്‍ ജെല്‍ ചെയ്യുന്നത്.

കണ്ടെത്തിയ മരുന്നുകള്‍ സേനയില്‍ ഉപയോഗിക്കാന്‍ പ്രാപ്തമായതായി ഐഎന്‍എംഎഎസ് അഡീഷനല്‍ ഡയറക്ടര്‍ അസീം ഭട്‌നഗര്‍ പറഞ്ഞു. അര്‍ധസൈനിക വിഭാഗത്തില്‍ ഇവ ഉള്‍ക്കൊള്ളിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു സേനകളില്‍ പിന്നാലെ ഉള്‍ക്കൊള്ളിക്കും.