യൂട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാന്‍ ശ്രമിച്ചു; അവിവാഹിതയായ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

single-img
12 March 2019

യൂട്യൂബില്‍ പ്രസവ വീഡിയോ കണ്ട് ഡോക്ടര്‍മാരുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാന്‍ ശ്രമിച്ച യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബിലന്ദ്പൂരിലാണ് സംഭവം. അവിവാഹിതയായ ഇരുപത്തിയഞ്ചുകാരിയാണ് മരിച്ചത്. മത്സരപ്പരീക്ഷക്കു തയ്യാറെടുക്കുന്നതിനായി ബിലന്ദ്പൂരില്‍ മുറി വാടകക്കെടുത്താണ് യുവതി താമസിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം യുവതിയുടെ മുറിക്ക് പുറത്തേക്ക് രക്തം ഒഴുകി വരുന്നത് അടുത്ത മുറികളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് യുവതിയും കുഞ്ഞും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

കഴിഞ്ഞ നാല് വര്‍ഷമായി ഗൊരഖ്പൂരില്‍ താമസിച്ച് മത്സരപരീക്ഷകള്‍ക്കായി തയാറെടുക്കുകയായിരുന്നു യുവതി. മൊബൈല്‍ ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്ന് പോലീസ് അറിയിച്ചു.

അതേസമയം സംഭവത്തില്‍ പരാതിപ്പെടുകയോ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബം തയാറാകുകയോ ചെയ്യാത്ത സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കാണ്ട് പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ വ്യക്തമാക്കി.