സുരേന്ദ്രനെ വെട്ടി പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെത്തും; സുരക്ഷിത മണ്ഡലമില്ലാതെ കെ സുരേന്ദ്രൻ

single-img
11 March 2019

തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ പ്രധാന മണ്ഡലങ്ങൾ ലക്ഷ്യംവെച്ച് ബിജെപിയിലെ മുതിർന്ന നേതാക്കൾ ചരടുവലി കടുപ്പിക്കുന്നതോടെ മത്സരരംഗം ചൂടുപിടിക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ ആർഎസ്എസ് കർശനമായി ഇടപെട്ട സാഹചര്യത്തിൽ അവിടെ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശ്രീധരൻ പിള്ളയ്ക്ക് കളംമാറ്റേണ്ടിവരുമെന്നുള്ളതാണ് നിലവിൽ നിർണ്ണായകമായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പിഎസ് ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കുമെന്നാണ് സൂചനകൾ.  ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഇടപെടലുകൾ ഏറ്റവും കൂടുതൽ പത്തനംതിട്ട മണ്ഡലത്തിലായിരുന്നു. ഇവയെല്ലാം മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം പത്തനംതിട്ട മണ്ഡലത്തെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്.

പത്തനംതിട്ട മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിക്കും എന്നായിരുന്നു ഇതുവരെയുള്ള സൂചനകൾ.  എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ സുരക്ഷിതമായ മണ്ഡലത്തിൽ തന്നെ മത്സരിക്കണം എന്നുള്ള പിഎസ് ശ്രീധരൻ പിള്ളയുടെ  നിലപാടാണ് ഇപ്പോൾ നിർണായകമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീധരൻപിള്ള പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുവാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

തൃശ്ശൂർ മണ്ഡലത്തിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ ബിജെപി ദേശീയനേതൃത്വം തന്നെ ശക്തമായി ഇടപെട്ടിരിക്കുന്നുമുണ്ട്. തുഷാർ തൃശ്ശൂരിൽ മത്സരിക്കുകയാണെങ്കിൽ കെ സുരേന്ദ്രന് ആ മണ്ഡലവും  അപ്രാപ്യമാകും. പത്തനംതിട്ട മണ്ഡലം തനിക്ക് കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് വാദമാണ് കെ സുരേന്ദ്രൻ ബിജെപി യോഗങ്ങളിൽ ഉയർത്തിയത്. അതുകൊണ്ടുതന്നെ മുതിർന്ന നേതാക്കളിൽ ആരെ പത്തനംതിട്ടയിൽ പരിഗണിക്കണമെന്ന കാര്യത്തിൽ കേന്ദ്രനേതൃത്വം കർശനനിലപാട് സ്വീകരിക്കേണ്ടിവരും.