ദിലീപിന്റെ ‘ശുഭരാത്രി’ക്ക് തുടക്കം

single-img
11 March 2019

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’ക്ക് എറണാകുളത്ത് ആരംഭം. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. ശുഭരാത്രിയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

അനു സിതാര നായികയാകുന്ന ചിത്രത്തില്‍ സിദ്ദിഖും, നദിയ മൊയ്ദുവും പ്രധാന വേഷങ്ങളിലെത്തും. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനുവിന്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

ദിലീപും സിദ്ദിഖും ഒന്നിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണാന്‍ കഴിയുന്നത്. കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായിട്ടായിരുന്നു സിദ്ദിഖ് അഭിനയിച്ചത്. ശേഷം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിന്റെ അച്ഛനായി സിദ്ദിഖ് എത്തി. നേരത്തെയും അച്ഛന്‍ മകന്‍ വേഷങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ഇതേ കൂട്ടുകെട്ടിലാണ് ശുഭരാത്രി ഒരുങ്ങുന്നത് എന്നതിനാല്‍ ആരാധകരും പ്രതീക്ഷയിലാണ്.