ഷാര്‍ജയിലെ ലുലു കൊള്ളയടിക്കാന്‍ ശ്രമം; നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി പൊലീസ്

single-img
11 March 2019

ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആയുധം ധരിച്ചെത്തി കവര്‍ച്ചാശ്രമം നടത്തിയ രണ്ട് ആഫ്രിക്കന്‍ വംശജരെ പോലീസ് മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി. വെള്ളിയാഴ്ച രാത്രി ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ ആജാനുബാഹുക്കളായ രണ്ടുപേര്‍ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്.

ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാള്‍ ആയുധമുപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജീവനക്കാരന്‍ തടഞ്ഞു. ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാര്‍ കൂടി ചേര്‍ന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി.

അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായി പരുക്കേറ്റു. ഉദ്യമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തു കടക്കും മുന്‍പേ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയിഫ് അല്‍ സെറി അല്‍ ഷംസി പറഞ്ഞു.

പ്രതികള്‍ക്ക് യാതൊന്നും കവര്‍ച്ച ചെയ്യാന്‍ സാധിച്ചിട്ടില്ല. പരുക്കേറ്റ ജീവനക്കാരനെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.