ബി.ജെ.പി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജർ രവി ഇടത് വേദിയിൽ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്ത്

single-img
11 March 2019

ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംവിധായകന്‍ മേജര്‍ രവി. രാജീവിന് വോട്ട് ചോദിച്ചുകൊണ്ടാണ് മേജര്‍ രവി പ്രസംഗിച്ചത്. ബി.ജെ.പി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജർ രവി ഇടത് വേദിയിൽ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചത് പലർക്കും കൗതുകമായി.

പി രാജീവ് തനിക്ക് അനിയനെ പോലെയാണെന്ന് മേജർ രവി പറഞ്ഞു. രാജ്യസഭാ എം.പി എന്ന നിലയിൽ രാജീവ് നന്നായി പ്രവർത്തിച്ചു. രാജ്യസഭാ എം.പി എന്നാൽ ആരാണെന്ന് രാജീവ് കാണിച്ച് തന്നു. ലോക്സഭാംഗമായാലും രാജീവിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. അതുകൊണ്ട് മാത്രമാണ് താനീ വേദിയിൽ വന്നത്.

താൻ ഒരു രാജ്യസ്നേഹിയാണ്. ജനങ്ങളെ സ്നേഹിക്കുന്ന ജനപ്രതിനിധികളെയാണ് തനിക്ക് ആവശ്യം. 798 ചോദ്യങ്ങളാണ് രാജീവ് പാർലമെന്റിൽ നിരത്തിയത്. ഇന്നത്തെ രാജ്യസഭാ എം.പിമാരിൽ പലർക്കും അഞ്ചും ആറും ദിവസമാണ് ഹാജറുള്ളത്. മികച്ച ഭൂരിപക്ഷത്തിൽ രാജീവ് വിജയിച്ച് വരട്ടെ എന്നും മേജർ രവി ആശംസിച്ചു.

ബി.ജെ.പി അനുഭാവിയായിരുന്നപ്പോൾ മേജർ രവി നടത്തിയിരുന്ന പല പരാമർശങ്ങളും വിവാദമായിരുന്നു. എന്നാൽ സമീപ കാലത്ത് ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാായിരുന്നു മേജർ രവി സ്വീകരിച്ചിരുന്നത്. ഇതിന് കാരണം ചോദിച്ചപ്പോൾ പ്രളയം തന്നെ പല പാഠങ്ങളും പഠിപ്പിച്ചു എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. എങ്കിലും ഇടത് വേദിയിൽ മേജർ രവി പങ്കെടുക്കുന്നത് ആദ്യമായാണ്.