ഋഷഭ് പന്ത് ജീവിതത്തില്‍ ഒരിക്കലും ഈ മത്സരം മറക്കില്ല; വിക്കറ്റിനു പിന്നില്‍ പാഴാക്കിയത് സുവര്‍ണാവസരങ്ങള്‍; കൂവലോടെയും ‘ധോണി, ധോണി’ വിളിച്ചും ആരാധകരുടെ പരിഹാസം: വീഡിയോ

single-img
11 March 2019

മൊഹാലിയിലെ ഇന്ദര്‍ജിത് സിങ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ ഞെട്ടിക്കുന്നതായിരുന്നു. ഓസീസ് താരങ്ങളുടെ മികവിനൊപ്പം ഫീല്‍ഡില്‍ ഇന്ത്യ കാട്ടിയ ആലസ്യവും തോല്‍വിക്കു കാരണമായി. രണ്ട് സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയ യുവതാരം ഋഷഭ് പന്തും നിര്‍ണായക ഘട്ടത്തില്‍ ക്യാച്ചുകള്‍ കൈവിട്ട് ഓസീസിനെ ‘സഹായിച്ച’ കേദാര്‍ ജാദവ്, ശിഖര്‍ ധവാന്‍ എന്നിവരും ഇന്ത്യന്‍ തോല്‍വിക്കു കാരണക്കാരായി.

മഹേന്ദ്രസിങ് ധോണിക്കു വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ഈ പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ഋഷഭ് പന്തിനെ മൊഹാലിയിലെ ആരാധകര്‍ പലകുറി അപമാനിക്കുന്നതിനും മല്‍സരം വേദിയായി. പന്ത് സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയപ്പോഴെല്ലാം ആരാധകര്‍ ‘ധോണി, ധോണി’ എന്നാര്‍ത്തു വിളിച്ച് വെറ്ററന്‍ താരത്തോടുള്ള ആരാധന വെളിവാക്കി.

ഇടയ്ക്ക് പന്ത് സ്റ്റംപിങ് നടത്തിയെങ്കിലും റീപ്ലേയില്‍ അതു വിഫലമായി. ഇടയ്ക്ക് ‘ധോണി സ്‌റ്റൈലി’ല്‍ മുഖം തിരിഞ്ഞുനിന്ന് പന്തിനെ വിക്കറ്റില്‍ കൊള്ളിക്കാനുള്ള ശ്രമവും പാഴായി. അവസരം മുതലെടുത്ത് ഓസീസ് സിംഗിളോടുകയും ചെയ്തു. ഈ വീഴ്ചയില്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ മുഖത്തുണ്ടായ അനിഷ്ടം തൊട്ടുപിന്നാലെ ടിവി ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.

പന്തിന്റെ വീഴ്ചകള്‍ ഇങ്ങനെ

38.5 ഓവര്‍: ബോള്‍ ചെയ്യുന്നത് കുല്‍ദീപ് യാദവ്. സെഞ്ചുറി പൂര്‍ത്തിയാക്കി ഹാന്‍ഡ്‌സ്‌കോംബ് ക്രീസില്‍. ഹാന്‍ഡ്‌സ്‌കോംബ് കയറിക്കളിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട യാദവ്, വേഗം കുറച്ച് പന്തെറിഞ്ഞു. പ്രതീക്ഷിച്ചതുപോലെ ഹാന്‍ഡ്‌സ്‌കോംബിനെ കബളിപ്പിച്ച പന്ത് പാഡില്‍ത്തട്ടി ഗതിമാറി പിന്നിലേക്ക്. ഹാന്‍ഡ്‌സ്‌കോംബ് ക്രീസിനു പുറത്തായിരുന്നെങ്കിലും പന്തിന് പന്ത് പിടിച്ചെടുക്കാനായില്ല.

43.1 ഓവര്‍ : യുസ്‌വേന്ദ്ര ചാഹലെത്തുന്നു. ഓസീസ് 43 ഓവറില്‍ അഞ്ചിന് 287 റണ്‍സ് എന്ന നിലയില്‍. വിജയത്തിലേക്കു വേണ്ടത് 42 പന്തില്‍ 72 റണ്‍സ്. 27 പന്തില്‍ 38 റണ്‍സുമായി ആഷ്ടണ്‍ ടേണര്‍ ക്രീസില്‍. ചാഹലിന്റെ പന്ത് കയറിക്കളിക്കാനുള്ള ശ്രമത്തില്‍ ടേണര്‍ കബളിപ്പിക്കപ്പെട്ടു. പന്ത് നേരെ കയ്യിലേക്കെത്തിയെങ്കിലും ടേണറിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടം. ഗാലറിയില്‍ ‘ധോണി, ധോണി’ വിളി.

43.3 ഓവര്‍ :–ക്രീസില്‍ അലക്‌സ് കാരി. ചാഹലിന്റെ പന്ത് കാരിയുടെ കാലില്‍ത്തട്ടി പിന്നിലേക്ക്. പന്തെടുത്ത് തിരിഞ്ഞുനോക്കാതെ സ്റ്റംപിലേക്കിട്ട പന്തിന്റെ നീക്കം പാളി. ഓസ്‌ട്രേലിയ ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്തിലായിരുന്നു ‘ഡിആര്‍എസ്’ ഇന്ത്യയ്ക്കു മുന്നില്‍ വില്ലനായി സംഭവം. ചാഹലിന്റെ പന്ത് ആഷ്ടണ്‍ ടേണറിന്റെ ബാറ്റിലുരസി എന്ന് സിനിക്കോ മീറ്ററില്‍ കാണിച്ചെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. മല്‍സര ശേഷം കോഹ്‌ലി ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു.

https://twitter.com/Vidshots1/status/1104775666812243968