ന്യൂനപക്ഷങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കാനാണ് റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് വച്ചിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; പോളിങ് കൂടുമെന്ന് അസദുദ്ദീന്‍ ഉവൈസി

single-img
11 March 2019

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കാനാണ് റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് വച്ചിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഞായറാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

31 ശതമാനം മുസ്‌ലിം വോട്ടുകളുള്ള ബംഗാളില്‍ റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വരുന്ന ദിവസങ്ങളില്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. ബംഗാളിലെ മാല്‍ഡയില്‍ 52 ശതമാനവും മുര്‍ഷിദബാദില്‍ 66 ശതമാനവും മുസ്‌ലിം വോട്ടുകളുണ്ട്. റംസാന്‍ ദിനങ്ങളില്‍ വോട്ടെടുപ്പ് വരുമ്പോള്‍ അതുകൊണ്ട് മുസ്‌ലിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. കോല്‍ക്കത്ത മുന്‍സിപ്പല്‍ കോപ്പറേഷന്‍ മേയറാണ് ഇദ്ദേഹം.

അതേസമയം റംസാന്‍ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വെച്ചത് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവാദമാക്കരുതെന്ന് അസദുദ്ദീന്‍ ഉവൈസി. റംസാന്‍ സമയത്ത് ജനാധിപത്യ പ്രക്രിയയില്‍ മുസ്ലിം സമുദായത്തിന്റെ മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ വിവാദം അനാവശ്യമാണ്. മുസ്ലിം സമുദായത്തെയും റംസാനെയും അതിനായി ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് താന്‍ ആവശ്യപ്പെടുകയാണ്.

ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ റംസാന്‍ മെയ് അഞ്ചിനോട് അടുത്തായിരിക്കും വരിക. ഇത് മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ജൂണ്‍ മൂന്നിന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് റംസാന്‍ സമയത്തും നടക്കേണ്ടതുണ്ടെന്നും മെയ് അഞ്ചോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നും ഉവൈസി പറഞ്ഞു.