‘അതാണ് മമ്മൂക്ക’; 25 വര്‍ഷങ്ങളായി ആരുമറിയാതെ മമ്മൂട്ടി നടത്തുന്ന ഇടപെടലുകള്‍ വിവരിച്ച് ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ്: വീഡിയോ

single-img
11 March 2019

കഴിഞ്ഞ 25 വര്‍ഷങ്ങളായി ആരുമറിയാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും മമ്മൂട്ടി നടത്തുന്ന ഇടപെടലുകളെ വിവരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ബിഷപ്പിന്റെ വാക്കുകള്‍: 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവര്‍ത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു. തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നല്‍കാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് ഒപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേര്‍ക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നല്‍കി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്‌കരിക്കുകയും പതിനായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു.

ഇത്തരത്തില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തില്‍ നടന്നുവരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ വലയുന്നവര്‍ക്ക് കൈത്താങ്ങായി ഹൃദയസ്പര്‍ശം എന്ന പേരില്‍ 673 കുഞ്ഞുങ്ങള്‍ക്കും 170ലേറെ മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുത്തു.

ജീവന്റെ നിലനില്‍പിന് മാത്രമല്ല ജീവിതങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂര്‍വികം എന്ന ആശയത്തിലൂടെയും ആദിവാസികള്‍ അടക്കമുള്ള കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ എന്‍ജനിയറിങും നഴ്‌സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ മികച്ച തൊഴിലിടങ്ങില്‍ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്.

ഖുര്‍ആനും ബൈബിളും ഭഗവത്ഗീതയുമെല്ലാം മ്മൂട്ടിക്ക് നന്നായി അറിയാം. എല്ലാ ദിവസവും വായിക്കുന്നയാള്‍. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങിലായാലും ഒരു തവണ പോലും നിസ്‌കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്തുമെന്ന് ഈ പുരോഹിതന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിയും വേദിയിലിരുന്നു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.

കഴിഞ്ഞ 25 വർഷത്തിനിടയിൽ മമ്മൂട്ടി ചെയ്ത 10 കാര്യങ്ങൾ !!ഒരുപക്ഷെ കടുത്ത ആരാധകർക്ക് പോലും ഇവയിൽ പലതും പൂർണ്ണമായും അറിയില്ലായിരുന്നതായിരിക്കാം.മലങ്കര ക്രിസ്ത്യൻ ഓർത്തഡോൿസ്‌ ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രസംഗത്തിൽനിന്നും അടർത്തിയെടുത്ത ഈ വീഡിയോ ഗ്രിഗോറിയൻ ടിവിയിൽ വന്ന ഒരു ചടങ്ങിന്റെ ലൈവിൽ നിന്നും കട്ട്‌ ചെയ്തതാണ്.. മൈ ട്രീ ചലഞ്ച് ഉൾപ്പെടെ ചിലതു വിട്ടു പോയിട്ടുണ്ടെങ്കിലും ഇത് കാണേണ്ടത് തന്നെയാണ്..

Posted by Robert (Jins) on Saturday, March 9, 2019