ഭൂരിപക്ഷം കുറയും; എങ്കിലും രാജ്യം ഭരിക്കുന്നത് ബിജെപി മുന്നണി തന്നെ: സി-വോട്ടർ സർവ്വേ ഫലം

single-img
11 March 2019

ആസന്നമായിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞാലും ബിജെപി നേതൃത്വംനൽകുന്ന എൻഡിഎ തന്നെയാവും രാജ്യം ഭരിക്കുകയെന്ന് സർവേ ഫലം. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനുവേണ്ടി ഈ മാസം സി-വോട്ടർ നടത്തിയ സർവേയുടേതാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ പ്രതിപക്ഷ മഹാസഖ്യമാകും എൻഡിഎക്ക് ആഘാതമേൽപ്പിക്കുകയെന്നും സർവ്വേ ഫലങ്ങൾ പറയുന്നു.

ഉത്തർപ്രദേശിലെ പ്രതിപക്ഷ മഹാസഖ്യം ഇല്ലായിരുന്നുവെങ്കിൽ മുന്നൂറിലേറെ സീറ്റുകൾ എൻഡിഎ നേടുമായിരുന്നുവെന്നും  സർവേ ഫലത്തിൽ വ്യക്തമാക്കുന്നുണ്ട്. 264 സീറ്റാവും എൻ.ഡി.എ.ക്കു കിട്ടുക. കോൺഗ്രസ് നയിക്കുന്ന യുപിഎക്ക് 141-ഉം. മറ്റു പാർട്ടികൾക്കെല്ലാംകൂടി 138 സീറ്റുലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഉത്തർപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യമില്ലെങ്കിൽ എൻഡിഎക്ക് 307 സീറ്റു ലഭിക്കുമായിരുന്നു. ബിജെപിക്കു തനിച്ച് 220 സീറ്റും സഖ്യകക്ഷികൾക്ക് 44 സീറ്റും കിട്ടും. വൈഎസ്ആർ കോൺഗ്രസ്, മിസോ നാഷണൽ ഫ്രൺഡ്‌, ബിജു ജനതാ ദൾ, തെലങ്കാന രാഷ്ട്രസമിതി എന്നീ പാർട്ടികളുമായി തിരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കിയാൽ എൻഡിഎ. 301 സീറ്റു സ്വന്തമാക്കുമെന്നും സർവ്വേയിൽ പറയുന്നു. .

കോൺഗ്രസിന് ഒറ്റയ്ക്ക് 86 സീറ്റുകിട്ടും. സഖ്യകക്ഷികൾ 55 സീറ്റുനേടും. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രൺഡ്‌, എൽഡിഎഫ്., യുപിയിലെ മഹാസഖ്യം, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി തിരഞ്ഞെടുപ്പ് പൂർവസഖ്യമുണ്ടാക്കിയാൽ യുപിഎയുടെ സീറ്റുനില 226 ആയിമാറും. .

ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ സീറ്റ് കഴിഞ്ഞതവണത്തെ 71-ൽനിന്ന് 29 ആയി കുറയും. പ്രതിപക്ഷമഹാസഖ്യമില്ലായിരുന്നെങ്കിൽ ബി.ജെ.പി. ഇത്തവണ 72 സീറ്റുനേടിയേനെ. എൻ.ഡി.എ.യുടെ വോട്ടുവിഹിതം 31.1 ശതമാനവും യു.പി.എ.യുടേത് 30.9 ശതമാനവുമായിരിക്കും. മറ്റുപാർട്ടികളുടേത് 28 ശതമാനവുമാണ് സർവേയിലൂടെ വ്യക്തമാകുന്നത്.