മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടിവിയിലും പത്രങ്ങളിലും മൂന്നുതവണ പരസ്യപ്പെടുത്തണം

single-img
11 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം പരസ്യപ്പെടുത്തണം. ടിവിയിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ഒക്ടോബറിൽ ഇതുസംബന്ധിച്ച നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിരുന്നെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ നിർബന്ധമാക്കുന്നത്.

ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം. മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന്‌ വ്യത്യസ്ത തീയതികളിലാണ് സ്ഥാനാർഥികളും പാർട്ടികളും പരസ്യം നൽകേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതു പ്രത്യേകം വ്യക്തമാക്കണം.

പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാർട്ടികൾ സമർപ്പിക്കുകയും വേണം.