എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവര്‍ ഉണ്ട്: മോഹന്‍ലാല്‍

single-img
11 March 2019

തനിക്ക് രാഷ്ട്രീയമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഈ നിലപാടില്‍ മാറ്റമില്ല. എല്ലാ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ പത്മഭൂഷണ്‍ പുരസ്‌കാരം വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്മഭൂഷണ്‍ മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണിത്. രാജ്യം നല്‍കുന്ന അംഗീകാരം സ്വീകരിക്കുമ്പോള്‍ വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും അഭിമാനം തോന്നുന്നു. തന്നോടൊപ്പം സഞ്ചരിച്ചവര്‍ക്കും ഇപ്പോള്‍ സഞ്ചരിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ കൂടെ നിന്ന കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നു.

കൂടുതല്‍ പത്മ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതാണ് മലയാള സിനിമാ ലോകം. ഒരുപാട് അംഗീകാരങ്ങള്‍ മലയാള സിനിമയെ തേടിയെത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രഭുദേവ, മാമന്‍ ചാണ്ടി, കെ.ജി.ജയന്‍ എന്നിവരുള്‍പ്പെടെ 56 പേര്‍ക്കാണ് ഇന്ന് പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.