തെരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചത് ഗവർണർ സ്ഥാനം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങിയ കുമ്മനത്തിൻ്റെ മോഹങ്ങളെ; ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കുമ്മനത്തിൻ്റെ പ്രസ്താവനക്ക് പിന്നാലെ ശബരിമലയെ തൊടരുതെന്ന് കമ്മീഷൻ്റെ ഉത്തരവ്

single-img
11 March 2019

ശബരിമല വിഷയം വോട്ടായി മാറും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബിജെപി കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയത്.  എന്നാൽ ബിജെപിയുടെ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി കൊണ്ടായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് എത്തിയത്.  ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നായിരുന്നു കമ്മീഷൻ നിർദ്ദേശം നൽകിയത്.

ശബരിമല വിഷയം കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. ശബരിമല വിഷയം സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും അതുകൊണ്ടുതന്നെ അക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.

എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസങ്ങളെ ബാധിക്കുന്ന ഒന്നായി ശബരിമല വിഷയം മാറിയെന്നാണ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തും. അത് ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ബിജെപി വിജയസാധ്യതയുണ്ടെന്ന പറഞ്ഞ കുമ്മനം ഏത് മണ്ഡലത്തിലും മല്‍സരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.