സ്ഥാനാർത്ഥിയായതിനുപിന്നാലെ കടുത്ത വിശ്വാസിയായി സി ദിവാകരൻ; ദൈവവിശ്വാസികളിൽ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരുമാണെന്നു ന്യായീകരണം

single-img
11 March 2019

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിശ്വാസിയായി മാറി സി ദിവാകരൻ.  തിരുവനന്തപുരം കൊഞ്ചിറവിള ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ച് വോട്ടു തേടിയാണ് സി ദിവാകരൻ തൻ്റെ വിശ്വാസം തെളിയിച്ചത്. കൊഞ്ചിറവിള ദേവിക്ക് കാണിക്ക സമർപ്പിച്ച് പ്രസാദവും വാങ്ങിയാണ് ദിവാകരൻ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന   പൊങ്കാല ചടങ്ങുകൾക്ക് മുന്നോടിയായാണ് ദിവാകരൻ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ മുഖ്യ ആകർഷണവും സിപിഐ സ്ഥാനാർഥിയുടെ സാന്നിധ്യമായിരുന്നു. വിശ്വാസികളെത്തി പൊങ്കാല അടുപ്പ് കൂട്ടുന്നതിന് മുൻപ് തന്നെ ദിവാകരൻ സ്ഥലത്തെത്തി. ക്ഷേത്രത്തിൽ പൊങ്കാലയിടാനെത്തിയ വിശ്വാസികളോട് വോട്ടഭ്യർഥിച്ച് കൊണ്ട് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ക്ഷേത്രത്തിൽ തൊഴുതു പ്രസാദം സ്വീകരിച്ച ദിവാകരൻ പൂജാരിക്കു ദക്ഷിണയും നൽകി. തുടർന്ന് പൊങ്കാല സമർപ്പിക്കാനെത്തിയ സ്ത്രീകളുമായി സംസാരിച്ച അദ്ദേഹം, സഹായിക്കണമെന്ന് അഭ്യർഥിച്ചു. ക്ഷേത്രദർശനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ കന്നി അയ്യപ്പനാണെന്നും നാട്ടുകാരല്ലാവരുംകൂടി കൈവച്ചാൽ കയറിപ്പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ദൈവവിശ്വാസികളിൽ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരുമാണ്. അതിനാലാണ് ക്ഷേത്രത്തിലെത്തിയത്. അല്ലാതെ തെരഞ്ഞെടുപ്പ് ആയതുകൊണ്ടല്ല ക്ഷേത്രത്തിലെത്തിയത് എന്ന് വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയായി സി ദിവാകരൻ പറഞ്ഞു.

ദിവാകരൻ ക്ഷേത്രത്തിൽ നിന്നു മടങ്ങി നിമിഷങ്ങൾക്കകം അദ്ദേഹം തൊഴുതുനിൽക്കുന്ന ചിത്രവും കമന്റുകളും സാമൂഹിക മാധ്യങ്ങളിൽ നിറഞ്ഞിരുന്നു.