കിട്ടിയത് ‘എട്ടിന്റെ പണി’; ഇനി എന്തു പറഞ്ഞ് വോട്ട് ചോദിക്കും: ആകെ അങ്കലാപ്പിലായി കേരളത്തിലെ ബിജെപി നേതാക്കള്‍

single-img
11 March 2019

ശബരിമല വിഷയം വോട്ടായി മാറും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബിജെപി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ ബിജെപിയുടെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി കൊണ്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എത്തിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം വിളച്ചത്. ഇതില്‍ ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് ടീകാ റാം മീണ വ്യക്തമാക്കി.

വിഷയത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചയില്‍ ഏത് ഘട്ടം വരെ ഇതിന്റെ പരിധി ആകാമെന്ന കാര്യത്തില്‍ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ടികാ റാം മീണ അറിയിച്ചു.

ബിജെപിക്ക് കനത്ത പ്രഹരമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസങ്ങളെ ബാധിക്കുന്ന ഒന്നായി ശബരിമല വിഷയം മാറിയെന്നാണ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തും. അത് ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ബിജെപി വിജയസാധ്യതയുണ്ടെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.

അതിനിടെ, കുമ്മനം രാജശേഖരന് വോട്ടു ചോദിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര്‍. സി.പി.എം ഹിന്ദുക്കളെ ദ്രോഹിച്ചു എന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടുചോദിയ്ക്കാന്‍ എത്തിയത്. ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചത് എന്ന് പറഞ്ഞാണ് വോട്ടര്‍മാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

‘ഇവിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ആചാരം ഉണ്ടായിരുന്നല്ലോ. അത് സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ നിങ്ങള്‍ ഒന്നും മിണ്ടിയില്ലല്ലോ. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ. ആ വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്. അപ്പോ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ’ വോട്ടര്‍ ബി.ജെ.പി പ്രവര്‍ത്തകരോട് ചോദിച്ചു.

വിമാനത്താവളം അദാനിക്ക് കൊടുത്തിട്ടില്ലെന്ന് ബി,ജെ.പി പ്രവര്‍ത്തകര്‍ പറയുമ്പോള്‍, പിന്നേ ഞങ്ങള്‍ ഈ ലോകത്തൊന്നും അല്ലാലോ ജീവിക്കുന്നത്. നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഇരിക്കുവല്ലേ എന്ന് വോട്ടര്‍ മറുപടി പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോ എന്ന് ബി.ജെ.പിക്കാരന്‍ പറയുമ്പോള്‍, എങ്ങനെയാണ് ലേലത്തിന്റെ മാനദണ്ഡം എന്ന് വോട്ടര്‍ തിരിച്ചു ചോദിക്കുമ്പോള്‍ ബി.ജെ.പിക്കാര്‍ക്ക് ഉത്തരം മുട്ടുന്നുണ്ട്.

വോട്ടര്‍ പറയുന്നു, ‘ശബരിമലയിലെ കേസില്‍ നിങ്ങളുടെ എം.എല്‍.എമാരും മന്ത്രിമാരും ആദ്യം പറഞ്ഞിരുന്നത് വിധി സ്വാഗതം ചെയ്യുന്നു എന്നല്ലേ. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സ്ത്രീകളും കയറണം എന്നല്ലേ. സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ നിങ്ങള്‍ എതിരു പറഞ്ഞു. നിങ്ങള്‍ക്ക് ഈ ക്യാമറയുടെ മുമ്പില്‍ പറയാന്‍ പറ്റോ കുമ്മനം രാജശേഖരനു വേണ്ടി തെരഞ്ഞെടുപ്പിന് ആയുധമായി ശബരിമല എടുക്കുന്നൂവെന്ന്’.

ഇതിനു മറുപടിയായി ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കുമെന്ന തിരഞ്ഞെടുപ്പ് ലഘുരേഖ പ്രവര്‍ത്തകന്‍ എടുത്തു കാണിക്കുന്നുണ്ട്. പിറവം പള്ളിയില്‍ പോയി സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പിക്കാര്‍ ചോദിക്കുമ്പോള്‍ പിറവം പള്ളി സര്‍ക്കാരിന്റെ വകയല്ലെന്ന് വോട്ടര്‍ മറുപടി പറയുന്നുണ്ട്.

ശബരിമലയില്‍ എന്റെ ഭാര്യക്കും സഹോദരിക്കും കയറണമെന്ന് ആഗ്രഹമുണ്ടെന്ന് വോട്ടര്‍ പറയുമ്പോള്‍ 40 ദിവസം വ്രതമെടുത്തു വേണം പോകാനെന്ന് ബി.ജെ.പിക്കാര്‍ തിരിച്ചുപറയുന്നുണ്ട്. ഒരു വ്രതത്തിന്റേയും കഥ പറയേണ്ട. വ്രതം എടുത്ത് അവിടെ സംരക്ഷിക്കാന്‍ പോയവന്മാര്‍ക്കൊന്നും താടിയില്ലല്ലോ. അതൊന്നും എന്താ നിങ്ങള് പറയാത്തതെന്ന് വോട്ടര്‍ ചോദിക്കുന്നു. ഇത് കേട്ടതും വോട്ടു ചോദിക്കാനെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.