‘കാമുകനെ വിശ്വസിച്ച് പങ്കുവച്ച സ്വകാര്യചിത്രങ്ങൾ’; ഒരു ഫോട്ടോ, എങ്ങനെ ജീവിതത്തിൽ മറക്കാനാകാത്ത കറുത്ത അധ്യായമായി മാറുമെന്ന് കാണിച്ചുതരികയാണ് ‘വൈറൽ’

single-img
10 March 2019

ഒരു നിമിഷത്തെ ചാപല്യം, നമ്മൾ വിശ്വസിക്കുന്നയാൾക്ക് സെൻഡ് ചെയ്യുന്ന ഒരു ഫോട്ടോ, എങ്ങനെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു കറുത്ത അധ്യായമായി മാറുമെന്ന് കാണിച്ചുതരികയാണ് വൈറൽ എന്ന ഹ്രസ്വചിത്രം. പാർത്ഥൻ മോഹൻ സംവിധാനം ചെയ്ത് വനിതാദിനത്തിൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം പെൺകുട്ടിൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ സന്ദേശം നൽകുന്നുണ്ട്.

ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വൈറലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടിയും ഗായികയുമായ അഭിരാമി സുരേഷാണ്. രാധിക എന്ന കോളേജ് വിദ്യാർത്ഥിനിയായാണ് അഭിരാമി സുരേഷ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. രാധികയും കാമുകൻ അമിത്തും തമ്മിലുള്ള സ്കൈപ് സംഭാഷണത്തിലൂടെ വികസിക്കുന്ന കഥ ചെന്നെത്തുന്നത് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വഴിത്തിരിവിലാണ്. സ്വകാര്യചിത്രങ്ങളും വിഡിയോയും ആവശ്യപ്പെടുന്ന കാമുകൻ! എന്നാൽ, അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ‘വൈറൽ’ എന്ന ഹ്രസ്വചിത്രത്തെ മികച്ചതാക്കുന്നത്. 

രാധികയുടെ കാമുകൻ അമിത്തിനെ അവതരിപ്പിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ടോംസ് വർഗീസിന്റെതാണ് കഥ. ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേർന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യൽ ലോകത്ത് വൈറലായിക്കഴിഞ്ഞു.