വിവി രാജേഷിനെ ബിജെപിയിലേക്ക് തിരിച്ചെടുത്ത സംഭവം; നെടുമങ്ങാട് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ഥാനാർത്ഥിയാക്കാൻ വേണ്ടിയാണോ എന്ന് ബിജെപി കോർകമ്മിറ്റിയിൽ വിമർശനം

single-img
10 March 2019

മെഡിക്കൽ കോളേജ് കോഴക്കേസിൽ ബിജെപിയിൽനിന്ന് പുറത്തുപോവുകയും ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നേതൃത്വം ഇടപെട്ട് തിരിച്ചെടുക്കുകയും ചെയ്തു ബിജെപി നേതാവ് വിവി രാജേഷിൻ്റെ  പുനഃപ്രവേശനം വിവാദത്തിൽ. എം ടി രമേശ് ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾക്കെതിരെ തെളിവ് നൽകിയതിനാണ് വിവി രാജേഷ് ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ടത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ വി വി രാജേഷിനെ തിരിച്ചുവരവ്  ബിജെപിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

വി വി രാജേഷിൻ്റെ തിരിച്ചുവരവ്  ബി ജെ പി തിരുവനന്തപുരം കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കു വഴിവച്ചുവെന്നാണ് സൂചനകൾ. ബിജെപി ഉന്നത നേതാക്കൾക്കെതിരെ തെളിവു നൽകുകയും  അതിൻറെ പേരിൽ പുറത്തുപോവുകയും ചെയ്ത ഒരാളെ എന്ത് അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത് എന്നുള്ള ചോദ്യമാണ് കൃഷ്ണദാസ് പക്ഷം ഉയർത്തിയത്. പാർട്ടിയുമായി ഏറെ അകന്ന് സി പി ഐയിൽ പോലും ചേരാൻ പോയ  വ്യക്തിയാണ് രാജേഷ് എന്നും കോർ കമ്മിറ്റിയിൽ ചിലർ അഭിപ്രായപ്പെട്ടു.

നെടുമങ്ങാട് ഉപതിരഞ്ഞെടുപ്പിൽ  സ്ഥാനാർത്ഥിയാക്കാൻ വേണ്ടിയാണോ രാജേഷിനെ തിരിച്ചെടുത്തതെന്നും  കോർ കമ്മിറ്റിയിൽ ചിലർ ചോദിച്ചു എന്നാണ് സൂചനകൾ. കഴിഞ്ഞ തവണ നെടുമങ്ങാട് ബി ജെ പി സ്ഥാനാർഥി ആയിരുന്ന വി വി രാജേഷ് നിർണ്ണായക വോട്ടുകൾ നേടുകയും അത് മണ്ഡലത്തിൽ  ജയം പ്രവചിച്ചിരുന്ന കോൺഗ്രസ് നേതാവ് പാലോട് രവി തോൽക്കുകയും ചെയ്തിരുന്നു. ഇരു വിഭാഗവും തമ്മിൽ നടന്ന വാദപ്രതിവാദങ്ങളിൽ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള ഇടപെടില്ലെന്നും സൂചനകൾ ഉയരുന്നുണ്ട്.

നെടുമങ്ങാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പ് എന്നാണ് വിവി രാജ്യത്തിൻ്റെ പാർട്ടി പുനഃപ്രവേശനം സൂചിപ്പിക്കുന്നതെന്നും അങ്ങനെയാണെങ്കിൽ  ഗവർണർ സ്ഥാനം കളഞ്ഞു കുമ്മനം വരുന്നത് എന്തിനാണെന്നും കോർ കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നുവെന്നും സൂചനകളുണ്ട്. കുമ്മനത്തിൻ്റെ തിരിച്ചു വരവിൽ തനിക്കുള്ള അതൃപ്തി പിള്ള നേരത്തെ പ്രകടിപ്പിരുന്നു. ഗവർണർ സ്ഥാനത്തുള്ള വ്യക്തി തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാക്കുന്നത് ബിജെപിയുടെ രീതിയല്ലെന്ന് ശ്രീധരൻപിള്ള മുമ്പ് പറഞ്ഞിരുന്നു.