അന്ന് രാത്രി അമ്മയെ വെറുത്തു; അച്ഛനെയും; തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ്‌ അരിസ്റ്റോ സുരേഷ്

single-img
10 March 2019

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടുള്ള അരിസ്റ്റോ സുരേഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കയ്പേറിയ അനുഭവത്തെകുറിച്ചു താരം വെളിപ്പെടുത്തിയത്.

സുരേഷിന്റെ വാക്കുകൾ: 

അച്ഛൻ ഉപേക്ഷിച്ച ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചു. അദ്ദേഹത്തെയാണ് ഞാൻ ഇളയച്ഛൻ എന്ന് വിളിച്ചുവളർന്നത്. എന്നെയും എന്റെ ചേച്ചിയെയും അദ്ദേഹം സ്വന്തം മക്കളായിത്തന്നെ പരിഗണിച്ചു. 

ഓർക്കുമ്പോൾ ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളൂ. ജീവിതത്തിൽ അത് അച്ഛനെ കാണാൻ പോയതാണ്. കുട്ടിക്കാലത്ത് പല സന്ദർഭങ്ങളിലും അച്ഛനെ കാണാൻ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെ നിന്ന് കാണാനല്ലാതെ ഒരിക്കലും അടുത്തുചെന്ന് സംസാരിക്കാൻ കഴിഞ്‍ഞിട്ടില്ല. 

മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോട് സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. ഒരുദിവസം അമ്മ പറഞ്ഞു, ‘അച്ഛൻ റെയിൽവെയിൽ നിന്ന് വിരമിക്കുകയാണ്. നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല

-അഞ്ച് പെൺമക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 

എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയിൽവെ സ്റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛൻ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോൾ അടുത്തുചെന്നു.’അച്ഛാ,സുരേഷാണ്. ഇന്ദിരനുടെ മോനാണ്. അച്ഛനെ കാണാൻ വന്നതാണ്’ എന്ന് പറഞ്ഞു. 

അച്ഛനോ, ആരുടെ അച്ഛൻ? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും. പൊയ്ക്കോളണം ഇവിടെനിന്ന്. ഇടിയും മിന്നലുമായി നിന്ന് പെയ്യുകയായിരുന്നു അച്ഛൻ. ഞാൻ പേടിച്ചുവിറക്കാൻ തുടങ്ങി. നിലവിളിക്കണം എന്ന് തോന്നി. അപമാനം കൊണ്ട് തല പിളരുന്നപോലെ. ആരും കണ്ടില്ലെന്ന് കരുതി ഞാൻ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു. അന്ന് രാത്രി അമ്മയോട് കഠിനമായ വെറുപ്പ് തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് എന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോട് വെറുപ്പ് തോന്നി.

ഒരിക്കൽ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് വെറുപ്പ് തോന്നി. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ആ സംഭവം ഓർത്താൽ ഇന്നും എനിക്ക് ഉറങ്ങാൻ കഴിയില്ല. 

അച്ഛൻ മരിക്കും വരെ അമ്മക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങൾ രണ്ട് മക്കളോടും എന്തെങ്കിലും കാരുണ്യം കാണിക്കും, എന്തെങ്കിലും കൊടുക്കും എന്നൊക്കെ. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല”-സുരേഷ് പറഞ്ഞു.