‘എസ്എഫ്‌ഐക്കാരിയുടെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചു കൊണ്ടാണ് ഞാന്‍ എന്റെ രാഷ്ട്രീയ വരവറിയിച്ചത്”; ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീദേവ് സോമന്‍ വെട്ടില്‍

single-img
10 March 2019
https://www.facebook.com/sreedevsoman

”എസ്എഫ്‌ഐക്കാരിയുടെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചു കൊണ്ടാണ് ഞാന്‍ എന്റെ രാഷ്ട്രീയ വരവറിയിച്ചത്’ എന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍ വെട്ടില്‍. നിരവധിപേരാണ് ശ്രീദേവിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയെ മര്‍ദിച്ചുവെന്ന് പരസ്യമായി പറഞ്ഞ ശ്രീദേവിനെതിരെ പോലീസിന് കേസ് എടുക്കാമെന്നാണ് നിരവധിപേര്‍ അഭിപ്രായപ്പെട്ടത്.

നേരത്തെ, ശ്രീദേവ് സോമനുള്‍പ്പെടെയുള്ളവരാണ് മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനെതിരെ ഫേസ്ബുക്കില്‍ അപവാദപ്രചരണം നടത്തിയത്. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലുള്‍പ്പെടെ കെ.എസ്.യുവിന്റെ പ്രതിരോധകനെന്ന നിലയില്‍ പോസ്റ്റുകളിടുന്ന ശ്രീദേവ് സോമനെ സ്വയം പരിഹാസ്യനാകുന്നയാളായാണ് ഭൂരിഭാഗം പേരും കാണുന്നത്.

കെ.എസ്.യുവിന്റെ വക്താവെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകളിടുന്ന ശ്രീദേവ് സോമനെ കെ.എസ്.യു സംസ്ഥാന നേതൃത്വം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തള്ളിപ്പറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ശ്രീദേവ് സോമന്റെ അഭിപ്രായപ്രകടനങ്ങള്‍ കെ.എസ്.യുവിന്റെ അഭിപ്രായമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. കെ.എസ്.യുവിന്റെ സംഘടനാരൂപത്തില്‍ ഒരുതലത്തിലും പ്രവര്‍ത്തിക്കുന്ന ആളല്ല ശ്രീദേവ് സോമന്‍. അതുകൊണ്ടു തന്നെ ഇദ്ദേഹം നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ കെ.എസ്.യുവിനു യാതൊരു ബന്ധവുമില്ലെന്നും അഭിജിത്ത് വ്യക്തമാക്കി.

മുന്‍പ് ‘ശ്രീദേവിനെ വിളിക്കൂ കെ.എസ്.യുവിനെ രക്ഷിക്കൂ’ എന്ന സചിത്ര പോസ്റ്റര്‍ പ്രചരിപ്പിക്കാനായി ശ്രീദേവ് തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നിരുന്നു. ‘#WeSupportSreedev’ എന്ന ഹാഷ്ഗാഗോടു കൂടിയാണ് ശ്രീദേവ് പോസ്റ്റ് അയച്ചത്. ഇത് പോസ്റ്റ് ചെയ്യണമെന്നും താന്‍ പറഞ്ഞിട്ടാണ് ചെയ്യുന്നത് എന്ന് ആരോടും പറയരുതെന്നും ശ്രീദേവ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് അയച്ച മെസേജില്‍ ആവശ്യപ്പെട്ടിരുന്നു.

https://m.facebook.com/story.php?story_fbid=2305984522786227&id=100001241064486