ശിഖര്‍ ധവാന് 16ാം ഏകദിന സെഞ്ചുറി: പുതിയ റെക്കോഡിട്ട് ധവാന്‍ രോഹിത് കൂട്ടുകെട്ട്

single-img
10 March 2019


മൊഹാലി ഏകദിനത്തില്‍ ശിഖര്‍ ധവാന് 16ാം ഏകദിന സെഞ്ചുറി. 12 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ധവാന്‍ സെഞ്ചുറി കുറിച്ചത്. ഇന്ത്യയില്‍ ധവാന്റെ അഞ്ചാം സെഞ്ചുറിയും ഓസീസിനെതിരെ മൂന്നാം സെഞ്ചുറിയുമാണ് മൊഹാലിയില്‍ പിറന്നത്. കഴിഞ്ഞ 18 ഇന്നിങ്‌സുകള്‍ക്കിടെ ആദ്യ സെഞ്ചുറിയും. 44 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്, 16ാം ഏകദിന സെഞ്ചുറിയിലേക്കു വേണ്ടി വന്നത് 97 പന്തുകളാണ്.

അതേസമയം, ധവാന്റെ സെഞ്ചുറി നേട്ടത്തിനിടിയിലും സഹ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടമായത് നിരാശ പടര്‍ത്തി. 92 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 95 റണ്‍സെടുത്ത രോഹിത്, സിക്‌സിലൂടെ സെഞ്ചുറി തികയ്ക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. ജൈ റിച്ചാര്‍ഡ്‌സന്റെ പന്തില്‍ ബൗണ്ടറിക്കു സമീപം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ക്യാച്ചെടുത്തു.

ഒന്നാം വിക്കറ്റില്‍ രോഹിത് ധവാന്‍ സഖ്യം 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മല്‍സരത്തില്‍ റാഞ്ചിയില്‍ ഓസീസിനായി ആരോണ്‍ ഫിഞ്ച് ഉസ്മാന്‍ ഖവാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സാണ് നേടിയതെന്ന കൗതുകവുമുണ്ട്.

ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമായും ധവാന്‍രോഹിത് കൂട്ടുകെട്ട് മാറി. ഇനി മുന്നിലുള്ളത് 8227 റണ്‍സുമായി സൗരവ് ഗാംഗുലി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സഖ്യം മാത്രം. സച്ചിന്‍സേവാഗ് സഖ്യത്തെയാണ് ഇന്ന് രോഹിതും ധവാനും പിന്നിലാക്കിയത്. 4387 റണ്‍സാണ് സച്ചിന്‍ സേവാഗ് സഖ്യത്തിന്റെ സമ്പാദ്യം.