വടകരയിൽ പി ജയരാജൻ എത്തിയതോടെ സാധ്യതാ പട്ടികയിൽ നിന്നും ടി സിദ്ധിഖ് ഒഴിവായി; ജയരാജനെ തളയ്ക്കാൻ മുല്ലപ്പള്ളിതന്നെ വേണമെന്നാവശ്യം

single-img
10 March 2019

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ മത്സരിക്കാൻ എത്തുന്നതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വടകര ലോകസഭാമണ്ഡലം. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയും ഒരുപക്ഷെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഎമ്മുകാരുള്ള മണ്ഡലവും കൂടിയാണ് വടകര.  പക്ഷേ ടിപി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് ഉണ്ടായ കൊടുങ്കാറ്റിൽ കഴിഞ്ഞ രണ്ടു തവണയും ഇടതുപക്ഷത്തിന് അവിടെ കാലിടറി. എന്നാൽ ഇത്തവണ തങ്ങളുടെ പഴയ ഉറച്ച മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തോടെ വജ്രായുധം തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ഇടതുപക്ഷം.

യുഡിഎഫിൻ്റെ ഭാഗത്തുനിന്നും ഇത്തവണ  വടകര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരാണ് ടി സിദ്ധീഖ്. എന്നാൽ പി ജയരാജൻ ഇടതുപക്ഷ സ്ഥാനാർഥിയായി  പ്രഖ്യാപിക്കപ്പെട്ടതോടെ കോൺഗ്രസ് സാധ്യതാപട്ടികയിൽ നിന്നും ടി സിദ്ധീഖ് പിൻവാങ്ങിയെന്നാണ് സൂചനകൾ. ഇത്തവണ വടകര മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഇടതുപക്ഷം ഉറച്ചുവിശ്വസിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ചത് യുഡിഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനാണ്.  എന്നാൽ ഇത്തവണ ഏതു രീതിയിൽ മണ്ഡലം നിലനിർത്തുമെന്ന ആലോചനയിലാണ് യുഡിഎഫ്.

ടി സിദ്ദിഖിൻ്റെ പിൻമാറ്റത്തോടെ  വടകര മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണയും വിജയക്കൊടി പാറിച്ച ഇപ്പോഴത്തെ കെപിസിസി പ്രസിഡൻ്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്നാണ് ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹം. എന്നാൽ താൻ മത്സരിക്കാൻ ഇല്ല എന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പി ജയരാജന് ആരാണ് എതിരാളി എന്നുള്ളത് ഇപ്പോഴും യുഡിഎഫിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

മറ്റേതൊരു സ്ഥാനാർത്ഥിയാണെങ്കിലും കുറേയേറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ടി സിദ്ധീഖ്.  എന്നാൽ ജയരാജൻ സ്ഥാനാർഥിത്വം ആണ് ടി സിദ്ദിഖിനെ പിന്നോട്ടു വലിച്ചത്. ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി രൂപീകരിച്ചതും മണ്ഡലത്തില്‍ സിപിഎം വിരുദ്ധ വികാരം പ്രത്യക്ഷപ്പെട്ടതും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായിരുന്നു.  അതുപോലെ മണ്ഡലത്തിലെ വടകര, കൊയിലാണ്ടി മേഖലകളിലെ ജനതദളിൻ്റെ സ്വാധീനവും ഇടതുപക്ഷത്തിൻ്റെ തകർച്ചയ്ക്ക് കാരണമായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നും ഇപ്പോൾ നിലനിൽക്കുന്നില്ല എന്നാണ് ഇടതുപക്ഷത്തിൻ്റെ വാദം. അതുകൊണ്ടുതന്നെ ഭൂരിപക്ഷം വർധിക്കുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.

കെഎസ്‌യു നേതാവും വടകരക്കാരനുമായ കെഎം അഭിജിത്തിൻ്റെ  പേരും വടകരയിൽ ഉയർന്നുവരുന്നുണ്ട്. എന്നാൽ ജയരാജനെ പോലുള്ള ഒരു വ്യക്തിയെ പിടിച്ചുകെട്ടാൻ ഇവയൊന്നും പോരാ എന്നുള്ളതാണ് യുഡിഎഫ് വാദം.  എന്നാൽ ഇതിനെയെല്ലാം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളിക്കളയുന്നുണ്ട്.

ജയരാജൻ എന്ന വ്യക്തി വടകരയിൽ ഒരു വിഷയമേ അല്ല എന്ന നിലപാടാണ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്. പാര്‍ട്ടിക്കുള്ളില്‍ പി ജയരാജന്‍ പ്രബലനാണെങ്കിലും അരിയാഹാരം കഴിക്കുന്നആളുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. വളരെ നെഗറ്റീവ് ഇമേജ് ആണ് അദ്ദേഹത്തിന് രാഷ്ട്രീയത്തിലുള്ളത്. പി ജയരാജന്‍ ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയം സുനിശ്ചിതമെന്ന് പറയാമെന്നും മുല്ലപ്പള്ളി പറയുന്നു.

ടിപി ചന്ദ്രശേഖരൻ്റെ ഓര്‍മകളും ചര്‍ച്ചകളും വളരെ സജീവമായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ വടകര മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കുന്നുണ്ട്. ആര്‍എംപിക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. സിപിഎമ്മിന്റെ തീവ്രചിന്താഗതിക്കെതിരെയുള്ള അല്ലെങ്കില്‍ അരുംകൊലയ്ക്കെതിരെയുള്ള വികാരമാണ് ആര്‍എംപി മുന്നോട്ട് വയ്ക്കുന്നത്-  മുല്ലപ്പള്ളി വ്യക്തമാക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി വിജയിച്ചതിലും ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ച്ചയ്ക്കും ആര്‍എംപിയും ഒരു ഘടകമായിരുന്നു. എന്നാൽ അന്ന് യുഡിഎഫ് പക്ഷത്തായിരുന്ന പല പാർട്ടികളും ഇന്ന് ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ വടകര മണ്ഡലത്തിൽ ഇടതുപക്ഷം പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ ടിപി ചന്ദ്രശേഖരൻ്റെ ഓർമ്മകൾ നിലനിൽക്കുന്നിടത്തോളം കാലം വടകര പഴയ വടകര തന്നെയെന്നാണ് യുഡിഎഫ് കരുതുന്നത്.