കുവൈത്തിലെ പ്രവാസികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും സിവില്‍ ഐഡി കാര്‍ഡ് കൈവശമില്ലെങ്കില്‍ കുടുങ്ങും

single-img
10 March 2019

കുവൈത്തില്‍ പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കു സിവില്‍ ഐഡി നിര്‍ബന്ധമാക്കുന്നു. വിവിധരാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഇഖാമ വിവരങ്ങള്‍ പാസ്‌പ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം.

ഇഖാമ സ്റ്റിക്കറിന് പകരം ഇഖാമ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്തിതുടങ്ങി. ഇഖാമയുടെ കാലാവധി അടക്കമുള്ള സാധുത അറിയാന്‍ വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ടിന് പകരം സിവില്‍ഐഡി കാര്‍ഡ് പരിശോധിക്കും. അതിനാല്‍ സിവില്‍ ഐ.ഡി കാര്‍ഡ് കൈവശമില്ലെങ്കില്‍ യാത്ര മുടങ്ങും.

എങ്കിലും വിമാനത്താവളങ്ങളില്‍ എക്‌സിറ്റ്/എന്‍ട്രി മുദ്ര പതിക്കുന്നതിന് പാസ്‌പോര്‍ട്ടും കരുതേണ്ടി വരും. കുവൈത്തിന് പുറത്തായിരിക്കെ സിവില്‍ ഐഡി കളഞ്ഞുപോകുകയോ മറ്റോ ചെയ്താല്‍ അതാതു രാജ്യത്തെ കുവൈത്ത് എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

താമസകാര്യ വകുപ്പില്‍ നിന്നും ഇഖാമാ കാലാവധി അടക്കമുള്ള വിവരങ്ങള്‍ ഉറപ്പു വരുത്തിയശേഷം എംബസ്സി നല്‍കുന്ന എന്‍ട്രി പേപ്പര്‍ ഉപയാഗിച്ചു ഇവര്‍ക്കു കുവൈത്തിലേക്ക് പ്രവേശിക്കാം. ഇഖാമ കാലാവധി അവസാനിക്കാറായവര്‍ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുന്‍പ് പുതുക്കണമെന്നാണ് നിര്‍ദേശം.

കാലാവധി തീരുന്നതിനു രണ്ടു മാസം മുന്‍പ് തന്നെ ഇഖാമ പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ പുതുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.