സർക്കാർ പരസ്യങ്ങൾ നിഷേധിക്കുന്നു; ഒന്നാം പേജ് അച്ചടിക്കാതെ കശ്മീരിലെ മുൻനിര പത്രങ്ങൾ

single-img
10 March 2019

വിശദീകരണം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധച്ച് ഒന്നാം പേജ് അച്ചടിക്കാതെ സംസ്ഥാനത്തെ ഉര്‍ദു ഇംഗ്ലീഷ് പത്രങ്ങളുടെ പ്രതിഷേധം. കാശ്മീരിലെ പ്രധാനപ്പെട്ട രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്ക് പരസ്യം നൽകാത്തതിനെതിരെ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് പത്രങ്ങളുടെ പുതിയ നടപടി. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത്.

‘വിശദീകരണം നല്‍കാതെ ഗ്രേറ്റര്‍ കാശ്മീരിനും കശ്മീര്‍ റീഡറിനും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിക്കുന്നു’- കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പത്രത്തിന്റെ ആദ്യ പേജില്‍ പറയുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു.

ഫെബ്രുവരി 16 മുതല്‍ ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. രണ്ടു ഡസണോളം പത്രങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും ഒരു പത്രത്തിന്റെ എഡിറ്റര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.