ധവാൻ (143), രോഹിത് (95); ഓസീസിന് 359 റൺസ് വിജയലക്ഷ്യം

single-img
10 March 2019

ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 359 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തു. 16–ാം ഏകദിന സെഞ്ചുറി കുറിച്ച ധവാന്റെയും (115 പന്തിൽ 143), അർഹിച്ച സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ പുറത്തായ രോഹിത് ശർമയുടെയും (92 പന്തിൽ 95) പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 31 ഓവറിൽ 193 റൺസ് കൂട്ടിച്ചേർത്തു.

പരമ്പരയിലാദ്യമായി അവസരം ലഭിച്ച ലോകേഷ് രാഹുൽ 26 റൺസെടുത്ത് പുറത്തായി. തകർത്തടിച്ച ഋഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസെടുത്ത് പുറത്തായി. അവസാന നിമിഷം തകർത്തടിച്ച വിജയ് ശങ്കറാണ് (15 പന്തിൽ 26 റൺസ്) ഇന്ത്യൻ സ്കോർ 350 കടത്തിയത്. ഇന്നിങ്സിന്റെ അവസാന പന്ത് സ്ക്സർ പറത്തിയ ബുംറ എല്ലാവരെയും ഞെട്ടിച്ചു.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി (ആറു പന്തിൽ ഏഴ്), കേദാർ ജാദവ് (12 പന്തിൽ 10), ഭുവനശ്വർ കുമാർ (രണ്ടു പന്തിൽ ഒന്ന്), യുസ്‌വേന്ദ്ര ചാഹൽ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. ഓസീസിനായി പാറ്റ് കമ്മിൻസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 70 റൺസ് വഴങ്ങിയാണ് കമ്മിൻസിന്റെ അഞ്ചു വിക്കറ്റ് നേട്ടം.